മേയർ–കെഎസ്ആർടിസി ഡ്രൈവർ തർക്കം: ജോലിയില്‍ തിരിച്ചെടുക്കണമെന്ന് യദു, ഗതാഗത മന്ത്രിക്ക് പരാതി നൽകി

തിരുവനന്തപുരം: ജോലിയില്‍ തിരിച്ചെടുക്കണമെന്ന് കെഎസ്ആർടിസി ഡ്രൈവർ യദു. ഇക്കാര്യം ആവശ്യപ്പെട്ട് ഗതാഗത മന്ത്രിക്ക് പരാതി നൽകി. ഒന്നുകിൽ ജോലിയില്‍ തിരിച്ചെടുക്കണം അല്ലെങ്കിൽ പറഞ്ഞ് വിടണമെന്നാണ് യദുവിന്‍റെ പരാതിയില്‍ ആവശ്യപ്പെടുന്നത്. തിരുവനന്തപുരം മേയര്‍ മേയർ ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തെ തുടർന്നാണ് യദുവിനെ ജോലിയിൽ നിന്ന് മാറ്റി നിർത്തിയത്. ആര്യ രാജേന്ദ്രന്‍ നല്‍കിയ പരാതിക്ക് പിന്നാലെയാണ് യദുവിനെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തിയത്. യദുവിനോട് ഡ്യൂട്ടിക്ക് കയറേണ്ടെന്ന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

കഴിഞ്ഞ ഏപ്രിലിലാണ് പാളയത്ത് വെച്ചായിരുന്നു തിരുവനന്തപുരം മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ വാക്കേറ്റമുണ്ടായത്. പ്ലാമൂട് വെച്ച് ആദ്യം ബസ് കാറിനെ ഇടിക്കുന്ന രീതിയിൽ ഓടിച്ചെന്നും പിന്നാലെ ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്നുമായിരുന്നു മേയറുടെ പരാതി. ആര്യ രാജേന്ദ്രന്‍റെ പരാതിയില്‍ യദുവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസിന് കുറുകെ കാര്‍ നിര്‍ത്തി ജോലി തടസപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് കാണിച്ചാണ് ഏപ്രില്‍ 27 ന് യദു പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ പൊലീസ് ആദ്യം തയ്യാറായില്ല. പിന്നീട് കോടതി സമീപിച്ചതോടെയാണ് മേയര്‍ക്കും ഭര്‍ത്താവ് സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ കേസെടുത്തത്. തനിക്കെതിരായ കേസിൽ അന്വേഷണം അതിവേഗം നീങ്ങുമ്പോള്‍ താന്‍ നല്‍കിയ കേസില്‍ മെല്ലപ്പോക്കാണെന്നും യദു പരാതിപ്പെടുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp