മുംബൈ: റിലയന്‍സ് ജിയോയ്ക്കും ഭാരതി എയര്‍ടെല്ലിനും പിന്നാലെ വോഡഫോണ്‍ ഐഡിയയും (വി.ഐ) മൊബൈല്‍ താരിഫ് നിരക്കുകള്‍ ഉയര്‍ത്തി.
ജിയോയുടെയും എയർടെല്ലിന്റെയും പുതുക്കിയ നിരക്ക് ജൂലൈ മൂന്ന് മുതലാണ് നിലവിൽ വരുന്നതെങ്കിൽ വി.ഐയുടെത് ജൂലൈ നാല് മുതലാണ്. ആ ഒരു വ്യത്യാസമെയുള്ള. നിരക്ക് വർധനയുടെ കാര്യത്തിൽ മറ്റു കമ്പനികളെപ്പോലെ പ്രകടമായ മാറ്റം തന്നെയാണ് വി.ഐയും വരുത്തിയിരിക്കുന്നത്. 4ജി അനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും 5ജി സേവനങ്ങൾ സമാരംഭിക്കുന്നതിനുമായി വരും മാസങ്ങളില്‍ കാര്യമായ നിക്ഷേപങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും വി.ഐ വ്യക്തമാക്കുന്നുണ്ട്.
വി.ഐയുടെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കെതിരെ വ്യാപക പരാതികള്‍ ഉയരുന്ന പശ്ചാതലത്തിലാണ് 4ജി സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നത്.28 ദിവസ വാലിഡിറ്റിയുള്ള ബേസ് പ്ലാന്‍ നിലവിലെ 179 രൂപയില്‍നിന്ന് 199 ആയി മാറും. പ്രതിദിനം 1.5 ജിബി ഡാറ്റ നല്‍കുന്ന, 84 ദിവസത്തെ പ്ലാനിന് 859 രൂപയാണ് പുതിയ നിരക്ക്. നിലവില്‍ ഇത് 719 ആണ്. വാര്‍ഷിക അണ്‍ലിമിറ്റഡ് പ്ലാന്‍ 21 ശതമാനം ഉയര്‍ത്തി 2899ല്‍നിന്ന് 3499 ആക്കി.
രാജ്യത്ത് മൊബൈൽ നിരക്കു വർധനയ്ക്കു തുടക്കമിട്ടത് ജിയോയാണ്. പിന്നാലെയാണ് എയര്‍ടെലും രംഗത്ത് എത്തിയത്. റിലയൻസ് ജിയോ 12.5% മുതൽ 25% വരെ വർധനയാണു വിവിധ പ്ലാനുകളിൽ വരുത്തിയത്. റിലയൻസ് ജിയോയുടെ 1,559 രൂപയുടെ (24 ജിബി) വാർഷിക പ്ലാൻ ഇനി മുതൽ 1,899 രൂപയായിരിക്കും (വർധന: 340 രൂപ).പ്രതിദിനം 2.5 ജിബിയുള്ള 2,999 രൂപയുടെ പ്ലാൻ 3,599 രൂപയായി (വർധന: 600 രൂപ)
രണ്ടര വര്‍ഷത്തിനു ശേഷം ടെലികോം കമ്പനികള്‍ നിരക്ക് വര്‍ധിപ്പിക്കുന്നത്. ആരോഗ്യകരമായ തങ്ങളുടെ വ്യവസായത്തിന് നിരക്ക് വര്‍ധന അനിവാര്യമാണെന്നാണ് കമ്പനികളുടെ പ്രതികരണം.