ലിജോ പെല്ലിശേരിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ പുതിയ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ച് മോഹൻലാൽ. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു മോഹൻലാലിൻറെ പ്രതികരണം. മോഹന്‍ലാലും, ലിജോ പെല്ലിശേരിയും ആദ്യമായി ഒന്നിക്കുന്ന സിനിമയെന്ന രീതിയില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങള്‍ നിറഞ്ഞിരുന്നു. അടുത്ത പ്രൊജക്ട് ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച പ്രതിഭകളിലൊരാളായ ലിജോ ജോസ് പെല്ലിശേരിക്കൊപ്പമാണന്നാണ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
‘എന്റെ അടുത്ത പ്രോജക്റ്റ് ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ചതും കഴിവുറ്റതുമായ സംവിധായകരിൽ ഒരാളായ ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമായിരിക്കും എന്ന് അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്സ്, സെഞ്ച്വറി ഫിലിംസ് എന്നിവർ ചേർന്നാണ് പ്രൊജക്ട് നിർമ്മിക്കുന്നതെന്നും’ മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.
സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികളിലാണെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പ്രഖ്യാപിക്കുമെന്നും ലിജോ ജോസ് പെല്ലിശേരി പറഞ്ഞു. ലാലേട്ടൻ സിനിമയാണ് അടുത്തതായി സംവിധാനം ചെയ്യുന്നത് എന്ന സന്തോഷ വർത്തമാനം അറിയിച്ചുകൊള്ളട്ടെ. എല്ലാവർക്കും സ്നേഹം . സന്തോഷം . സമാധാനം. ലിജോ ജോസ് പെല്ലിശേരി ഫേസ്ബുക്കിൽ കുറിച്ചു.