‘ഐപിസി, സിആർപിസി’ ഇനിയില്ല; രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നു

ന്യൂഡൽഹി: രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നു. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നീ നിയമങ്ങളാണ് നിലവിൽ വന്നത്. ‘ഐപിസി’, ‘സിആർപിസി’ എന്നിവയ്ക്ക് പകരമായാണ് ഈ നിയമങ്ങൾ.

ഇന്ത്യന്‍ പീനല്‍ കോഡിന് പകരമായാണ് കുറ്റവും ശിക്ഷയും നിര്‍വ്വചിക്കുന്ന ഭാരതീയ ന്യായ് സംഹിത നിലവിൽ വന്നത്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയാണ് പുതിയ ക്രിമിനല്‍ നടപടിക്രമം. ഭാരതീയ സാക്ഷ്യ അധിനിയമാണ് ഇന്ത്യന്‍ തെളിവ് നിയമത്തിന് പകരം നിലവില്‍ വന്ന

ഇന്ത്യന്‍ പീനല്‍ കോഡിന് പകരം വരുന്ന ഭാരതീയ ന്യായ് സംഹിതയില്‍ ആകെ 358 വകുപ്പുകളാണുള്ളത്. സംഘടിത കുറ്റകൃത്യങ്ങളും തീവ്രവാദത്തിനും നിര്‍വ്വചനം നല്‍കുന്ന നിയമമാണ് ഭാരതീയ ന്യായ് സംഹിത. കുട്ടികളെ കൂട്ടബലാത്സംഗം ചെയ്താല്‍ ക്രിമിനല്‍ നിയമം അനുസരിച്ച് വധശിക്ഷ വരെ ലഭിക്കാം. വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക അതിക്രമത്തിന് വിധേയമാക്കുന്നത് ഭാരതീയ ന്യായ സംഹിത അനുസരിച്ച് ക്രിമിനല്‍ കുറ്റമാകും.

ആള്‍ക്കൂട്ട ആക്രമണവും പുതിയ കുറ്റമാണ്. സാമൂഹിക സേവനമാണ് ബിഎന്‍എസ് അനുസരിച്ച് കൂട്ടിച്ചേര്‍ക്കപ്പെട്ട പുതിയ ശിക്ഷ. ബിഎന്‍എസ് അനുസരിച്ച് ജെന്‍ഡര്‍ എന്ന നിര്‍വചനത്തില്‍ ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ കൂടി ഉള്‍പ്പെടും. 152-ാം വകുപ്പ് അനുസരിച്ച് രാജ്യത്തിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും ബാധിക്കുന്ന പ്രവര്‍ത്തിയെന്ന കുറ്റം. ശിക്ഷ ജീവപര്യന്തം വരെ.

ഭാരതീയ നാഗരിക് സുരക്ഷാ സംഹിത അഥവാ ബിഎന്‍എസ്എസ് ആണ് ക്രിമിനല്‍ കേസുകളിലെ നടപടിക്രമം സംബന്ധിച്ച പുതിയ നിയമം. കുറ്റകൃത്യം രജിസ്റ്റര്‍ ചെയ്യുന്നതും അന്വേഷണവും മുതല്‍ വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ നടപ്പാക്കുന്നതുവരെയുള്ള നടപടിക്രമങ്ങള്‍ ബിഎന്‍എസ്എസില്‍ നിര്‍വ്വചിച്ചിട്ടുണ്ട്. കുറ്റകൃത്യം സംഭവിച്ച പൊലീസ് സ്റ്റേഷനില്‍ മാത്രമല്ല, ഏത് പൊലീസ് സ്റ്റേഷനിലും അധികാരപരിധിയില്ലാതെ കേസ് രജിസ്റ്റര്‍ ചെയ്യാം. പരാതി ഓണ്‍ലൈനായും നല്‍കാം.

അന്വേഷണത്തിലും വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ബിഎന്‍എസ്എസ് നല്‍കുന്നു. അതിക്രൂര കുറ്റകൃത്യങ്ങളുടെ ക്രൈംസീനുകള്‍ ദൃശ്യവത്കരിക്കണം. അന്വേഷണത്തിന് കരുത്ത് പകരാനും അതിജീവിതര്‍ക്ക് സംരക്ഷണം നല്‍കാനും പുതിയ ക്രിമിനല്‍ നിയമങ്ങള്‍ വഴി കഴിയും. ലൈംഗിക അതിക്രമങ്ങളിലെ അതിജിവിതരുടെ മൊഴി ദൃശ്യ – ശ്രവ്യ മാധ്യമങ്ങള്‍ വഴിയും റെക്കോഡ് ചെയ്യപ്പെടും. ബലാത്സംഗ കേസുകളിലെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഏഴ് ദിവസത്തിനകം പൂര്‍ത്തിയാക്കണം. രേഖകളുടെ പകര്‍പ്പ് പ്രതികള്‍ക്കും പരാതിക്കാര്‍ക്കും 14 ദിവസത്തിനകം നല്‍കണം. കേസുകളിലെ നടപടിക്രമങ്ങള്‍ അന്തിമമായി നീട്ടിക്കൊണ്ടുപോകാനാവില്ല. കേസ് നീട്ടിവയ്ക്കാവുന്നത് പരമാവധി രണ്ട് തവണ മാത്രം.

ഇന്ത്യന്‍ തെളിവ് നിയമത്തിന് പകരമാണ് ഭാരതീയ സാക്ഷ്യ അധിനിയം. ഡിജിറ്റല്‍ രേഖകളും ഡോക്യുമെന്റ് എന്ന നിർവചനത്തിൽപെടും. ഇലക്ട്രോണിക് രൂപത്തില്‍ ലഭിച്ച സാക്ഷിമൊഴികളും തെളിവായി പരിഗണിക്കും. തെളിവുകള്‍ സൂക്ഷിക്കുന്നതില്‍ ഭാരതീയ സാക്ഷ്യ അധിനിയം കൂടുതല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു.

ഭാര്യയ്‌ക്കോ ഭര്‍ത്താവിനോ നേരത്തെ എതിരായി മൊഴിനല്‍കാനാകുമായിരുന്നില്ല. എന്നാല്‍ പങ്കാളിക്ക് എതിരെ ഭാര്യയോ ഭർത്താവോ നല്‍കുന്ന മൊഴിക്ക് ഭാരതീയ സാക്ഷ്യ അധിനിയം അനുസരിച്ച് തെളിവുമൂല്യമുണ്ട്. ഈ പുതിയ മൂന്ന് നിയമങ്ങളാണ് 2024 ജൂലൈ ഒന്ന് മുതല്‍ രാജ്യത്ത് പ്രാബല്യത്തിലായത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp