ലോക്സഭയിലെ നന്ദിപ്രമേയ ചർച്ചയിൽ പ്രധാനമന്ത്രിയുടെ മറുപടി ഇന്ന്

ഭരണഘടനാ സംവിധാനങ്ങളെല്ലാം അട്ടിമറിക്കുന്ന വിധത്തിൽ കേന്ദ്രസർക്കാർ പ്രവർത്തിക്കുന്നു എന്നത് അടക്കമുള്ളതായിരുന്നു രാഹുൽ ഗാന്ധിയുടെ ആക്ഷേപങ്ങൾ. മതത്തെ മുതലെടുക്കുന്ന ബിജെപി അക്രമികളെ പോലെയാണ് പെരുമാറുന്നത് എന്ന് അടക്കമുള്ള വിമർശനങ്ങളും രാഹുൽ ഗാന്ധിയുടെ ഭാഗത്ത് നിന്നുണ്ടായി. ഇതിനെല്ലാം പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി നൽകും. രാജ്യസഭയിലും രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ച ഇന്ന് പൂർത്തിയാകും.

അതേസമയം രാഹുൽ ഗാന്ധിയുടെ ലോക്സഭയിലെ പരാമർശങ്ങൾക്കെതിരെ പ്രതിഷേധിക്കാനാണ് ബിജെപി തീരുമാനം. വിഷയത്തിൽ സ്പീക്കർക്ക് പരാതി നൽകുന്നത് അടക്കമുള്ള നടപടികൾ ആകും ബിജെപി സ്വീകരിക്കുക. ഇക്കാര്യത്തിൽ ഇതിനകം തീരുമാനമായിട്ടുണ്ടെങ്കിലും നടപടികൾ സംബന്ധിച്ചുള്ള അന്തിമ രൂപം ഇന്നത്തെ നേതൃയോഗത്തിൽ ആകും കൈക്കൊള്ളുക. ഇന്നലെ രാഹുൽ ഗാന്ധി ലോക്സഭയിൽ നടത്തിയ പരാമർശങ്ങൾ ഹിന്ദു സമൂഹത്തെ അപമാനിക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്സഭയിൽ പരാമർശിച്ചിരുന്നു. ഇതിന് തുടർച്ചയായ ആകും രാഹുൽഗാന്ധിയുടെ പരാമർശത്തിൽ ഉള്ള പ്രതിഷേധം ബിജെപി രേഖപ്പെടുത്തുന്നത്. അതേ സമയം ഹിന്ദുക്കളെ അപമാനിക്കുന്ന വിധത്തിൽ ഒരു പരാമർശവും രാഹുൽഗാന്ധി നടത്തിയിട്ടില്ല എന്നാണ് കോൺഗ്രസിന്റെ വിശദീകരണം. ഇക്കാര്യത്തിൽ ബിജെപി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും കോൺഗ്രസ് വ്യക്തമാക്കി.

രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന്റെ ചർച്ചയ്ക്ക് ലോക്സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മറുപടി നൽകും. ഉച്ചയ്ക്കുശേഷമാകും പ്രധാനമന്ത്രി ലോക്സഭയിൽ മറുപടി പറയുക. ഇന്നലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി ശക്തമായ വിമർശനങ്ങളാണ് നന്ദി പ്രമേയത്തെ എതിർത്ത് സഭയിൽ വ്യക്തമാക്കിയത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp