വിതയിൽ ചതി..നെൽവിത്ത് കിളിർത്തില്ല; കർഷകർ പ്രതിസന്ധിയിൽ

എഴുകോൺ (കൊല്ലം): കരീപ്ര തളവൂർക്കോണം പാട്ടുപുരയ്ക്കൽ ഏലായിൽ ഒന്നാംവിള നെൽക്കൃഷിക്കായി വിതച്ച നെല്ല് കിളിർത്തില്ല. കൃഷിവകുപ്പിൽനിന്നു നൽകിയ വിത്തുകളാണ് കർഷകർ വിതച്ചത്. വിത്ത് ചതിച്ചതോടെ 50 ഏക്കറോളം നിലത്തെ കൃഷി തുലാസിലായി.

വിത്തിന്റെ ഗുണനിലവാരമില്ലായ്മയാണ് പ്രശ്നത്തിനു കാരണമെന്നു കർഷകർ പറയുന്നു. നെല്ല് കിളിർക്കാതായതോടെ കർഷകർ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്.

അറുപതോളം കർഷകർ ചേർന്നു കൃഷിനടത്തുന്ന പാട്ടുപുരയ്ക്കൽ ഏലായിൽനിന്നാണ് ജില്ലയിൽ സർക്കാരിനു ഏറ്റവുമധികം നെല്ല് ലഭിക്കുന്നത്. കൃഷിയോടുള്ള സ്നേഹംകൊണ്ട്‌ കടംവാങ്ങിയും ലോണുകളെ ആശ്രയിച്ചുമാണു പല കർഷകരും ഇത്തവണത്തെ ഒന്നാംവിള കൃഷിക്കായി നിലമൊരുക്കിയത്.

നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് കൃഷിവകുപ്പ് മന്ത്രിക്കും എം.എൽ.എ.യ്ക്കും കർഷകർ പരാതി നൽകിയിട്ടുണ്ട്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp