സംസ്ഥാനത്തെ ഞെട്ടിച്ച ഹൈറിച്ച് സാമ്പത്തിക തട്ടിപ്പുകേസില്‍ ഹൈറിച്ച് ഉടമ കെ ഡി പ്രതാപന്‍ അറസ്റ്റില്‍

സാമ്പത്തിക തട്ടിപ്പുകേസില്‍ ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ കെ ഡി പ്രതാപന്‍ അറസ്റ്റില്‍. നിരവധി തവണ ചോദ്യം ചെയ്ത ശേഷമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കെ ഡി പ്രതാപന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൃത്യമായ തെളിവുകള്‍ ശേഖരിച്ച ശേഷമാണ് ഇ ഡി അറസ്റ്റിലേക്ക് കടന്നിരിക്കുന്നത്.

സംസ്ഥാനത്ത് നടന്ന ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പുകളില്‍ ഒന്നാണ് ഹൈറിച്ച് തട്ടിപ്പ്. തട്ടിപ്പിലൂടെ സമ്പാദിച്ച പണം കെ ഡി പ്രതാപനും ഭാര്യയും വിദേശത്തേക്ക് കടത്തിയതായി സൂചനയുണ്ടായിരുന്നു. ഇതില്‍ വിശദമായ അന്വേഷണം നടത്തിയ ഇ ഡി ഒരേ സമയം വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധനകള്‍ നടത്തിയിരുന്നു. ഇന്ന് രാവിലെ മുതല്‍ പ്രതാപനെ കൊച്ചിയിലെ ഇ ഡി ഓഫിസില്‍ ചോദ്യം ചെയ്തുവരികയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ അറസ്റ്റിലേക്ക് ഇ ഡി കടന്നിരിക്കുന്നത്.

നിക്ഷേപരില്‍ നിന്നും ഹൈ റിച്ച് ഉടമകളായ കെ.ഡി പ്രതാപനും ഭാര്യ ശ്രീനയും ചേര്‍ന്ന് തട്ടിയെടുത്ത കോടികള്‍ ഹവാല ഇടപാടിലൂടെ വിദേശത്തേക്ക് കടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു ഇ.ഡി അന്വേഷണം. ഇതിന് പിന്നാലെയാണ് കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പാണ് ഹൈ റിച്ച് തട്ടിപ്പെന്ന് ഇ.ഡി കോടതിയോട് പറഞ്ഞത്. മെമ്പര്‍ഷിപ്പ് ഫീ എന്ന പേരില്‍ പ്രതികള്‍ തട്ടിയത് 1157 കോടി രൂപയാണ്. വലിയ പലിശ വാഗ്ദാനം ചെയ്തു ആളുകളില്‍നിന്ന് കോടികള്‍ സമാഹരിച്ചു. ഹൈ റിച്ച് ഉടമകളുടെ ഓഫീസുകളിലും വീടുകളുമായി നടത്തിയ റെയ്ഡിന് പിന്നാലെ പ്രതികളുടെ സ്വത്തുക്കള്‍ ഇ ഡി മരവിപ്പിച്ചിരുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp