രാജസ്ഥാനിലെ ഭിൽവാരയിൽ സർക്കാർ ആശുപത്രിയിലെ ചികിത്സ പിഴവ് മൂലം നവജാത ശിശു മരിച്ചു. നവജാത ശിശു സംരക്ഷണ യൂണിറ്റിലെ ‘വാർമറിൽ’ നിന്നുള്ള അമിത ചൂടേറ്റാണ് കുഞ്ഞ് മരിച്ചത്. മറ്റൊരു കുട്ടിക്കും പൊള്ളലേറ്റു. സംഭവത്തിൽ 2 കരാർ ജീവനക്കാർക്കെതിരെ നടപടി.
മഹാത്മാഗാന്ധി (എംജി) സർക്കാർ ആശുപത്രിയിലെ മാതൃ-ശിശു വിഭാഗത്തിലെ നിയോനാറ്റൽ ഇന്റൻസീവ് കെയർ യൂണിറ്റിൽ ബുധനാഴ്ചയാണ് സംഭവം. 21 ദിവസം പ്രായമുള്ള പെൺകുഞ്ഞാണ് മരിച്ചത്. ഭാരക്കുറവുള്ളതിനാൽ ഒക്ടോബർ അഞ്ചിന് കുട്ടിയെ എൻഐസിയുവിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി വാർമറിൽ നിന്നും അമിത ചൂടേറ്റ കുട്ടി ബുധനാഴ്ച പുലർച്ചെയോടെ മരിച്ചു.
കുടുംബാംഗങ്ങളുടെ ബഹളത്തെ തുടർന്ന് കരാർ ജീവനക്കാർക്കെതിരെ നടപടിയെടുക്കുകയും അന്വേഷണ സമിതി രൂപീകരിക്കുകയും ചെയ്തു. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.