കണ്ണൂർ: മലിനജലം കെട്ടിക്കിടക്കാനനുവദിക്കരുത്, കൊതുക് പെരുകുമെന്നൊക്കെ സ്ഥിരം ബോധവത്കരിക്കുന്നത് ആരോഗ്യവകുപ്പാണ്. എന്നാൽ ഇതേ ആരോഗ്യവകുപ്പിന്റെ കീഴിലെ ജില്ലാ ആശുപത്രിയിൽ നിന്ന് തന്നെ മലിനജലം ജനവാസമേഖലയിലേക്കൊഴുകിയെത്തിയാലോ. ഈ അവസ്ഥയാണ് കണ്ണൂർ ജില്ലാ ആശുപത്രി പരിസരത്തുള്ളത്. കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിന്നും ഒഴുക്കിവിടുന്ന മലിനജലപ്രശ്നത്തിന് മൂന്നുമാസത്തിനിപ്പുറവും പരിഹാരമായിട്ടില്ല.നല്ല ഒരു ഓട പോലുമില്ലാത്ത സാഹചര്യമാണ് ഇവിടെ. ആശുപത്രി പരിസരം തന്നെയാണ് ഇത്തരത്തിൽ വൃത്തിഹീനമായി കിടക്കുന്നത്. മലിനജലം ഇങ്ങനെ കെട്ടിക്കിടക്കാൻ തുടങ്ങിയതിന് പിന്നാലെ ആഫ്രിക്കൻ ഒച്ചുകളും ഇവിടെ സജീവമാണ്. മലിനജല പ്ലാന്റിന്റെ പണി നടക്കുകയാണെന്നാണ് ജില്ലാ ആശുപത്രി ന്യായം പറയുന്നത്. കന്റോൺമെന്റിന്റെ സ്ഥലത്ത് നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി വേണമെന്ന് ജില്ലാ പഞ്ചായത്തും വിശദമാക്കുന്നതോടെ ബുദ്ധിമുട്ട് പരിസരവാസികൾക്കാണ്. എല്ലാം സഹിച്ചും ക്ഷമിച്ചും ഇരുന്നൂറിലധികം കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്.