തിരുവനന്തപുരം: സ്വകാര്യ ബസ്സിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികളിൽ കൺസഷൻ കാർഡുള്ളവർക്ക് മാത്രമേ ഇനി നിരക്ക് ഇളവ് നൽകുകയുള്ളൂ എന്ന് ബസ്സുടമകൾ. കൺസഷൻ നേടാൻ യൂണിഫോം എന്നത് മാനദണ്ഡമല്ല. സർക്കാർ നിശ്ചയിച്ചിട്ടുള്ള സമയപ്രകാരം മാത്രമായിരിക്കും കൺസെഷൻ അനുവദിക്കുകയെന്നും ബസ്സുടമകൾ പറഞ്ഞു. കൺസെഷൻ്റെ പേരിൽ വിദ്യാർഥികൾ ബസ് ജീവനക്കാരെ ആക്രമിക്കുന്നത് തുടർച്ചയായതോടെയെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷന്റെ തീരുമാനം.
സംഘർഷം ഭയന്ന് ജീവനക്കാർ ജോലിക്കെത്തുന്നില്ലെന്നും ബസ് ഉടമകളുടെ സംഘടന വ്യക്തമാക്കുന്നു. ഇനിയും ഇത്തരം സംഘർഷങ്ങൾ തുടർന്നാൽ വിദ്യാർത്ഥികൾക്ക് നൽകുന്ന കൺസെഷൻ ഒഴിവാക്കാനുള്ള തീരുമാനത്തിലേക്ക് കടക്കും. ഇക്കാര്യം ഉടൻ സർക്കാർ, മോട്ടോർ വാഹന വകുപ്പ് എന്നിവരെ അറിയിക്കുമെന്നും ബസ് ഓപ്പറേറ്റീവ് ഓർഗനൈസേഷൻ ഭാരവാഹികൾ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സ്വകാര്യ ബസ് കണ്ടക്ടർക്ക് വിദ്യാര്‍ഥിനിയുടെ നേതൃത്വത്തില്‍ ക്രൂര മർദനമുണ്ടായത്. യൂണിഫോമും കാർഡും ഇല്ലാതെ കൺസെഷൻ ആവശ്യപ്പെട്ടത് ചോദ്യം ചെയ്തതിനാണ് മർദനമേറ്റത്. പെൺകുട്ടി ബസിൽ നിന്ന് ഇറങ്ങിയ ശേഷം സുഹൃത്തുക്കളെ വിളിച്ചു കൊണ്ട് വന്ന് മർദിച്ചെന്നാണ് കണ്ടക്ടർ പറഞ്ഞത്. വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. കണ്ടക്ടറെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.