കരം അടയ്ക്കുന്ന സ്വന്തം കെട്ടിടങ്ങളുടെ ആധാരം കാണുന്നില്ല; അവകാശം തെളിയിക്കുന്ന ഭൂരേഖകൾ തേടി കോട്ടയം നഗരസഭ

കോട്ടയം: കോട്ടയം നഗരസഭയുടെ കൈവശമുള്ള പല സ്ഥലങ്ങളുടെയും ഉടമസ്ഥാവകാശം തെളിയിക്കുന്ന ഭൂരേഖകളില്ലെന്ന് റിപ്പോർട്ട്. സ്ഥിരമായി കരം അടയ്ക്കുന്നുണ്ടെങ്കിലും കൈവശ അവകാശ രേഖകളില്ലാത്തതുകൊണ്ട് പല വികസന പദ്ധതികളും താളം തെറ്റുകയാണ്. അതേസമയം, വർഷങ്ങൾ പഴക്കമുളള സ്ഥലങ്ങളുടെ ആധാരം തേടി നടക്കുകയാണ് നഗരസഭ.

1988 ലെ റീ സ‍ർവേ പ്രകാരം തണ്ടപ്പേർ 1773 സർവേ നമ്പർ 13/2 ബസ് സ്റ്റാന്റ് സ്ഥലം എന്ന് മാത്രമാണ് റവന്യു രേഖകളിലുള്ളത്. പക്ഷേ നഗരസഭയാണ് കരം അടയ്ക്കുന്നത്. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി പല തവണ പരിശോധന നടത്തിയിട്ടും രേഖകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മുട്ടമ്പലം വില്ലേജ് ഓഫീസിൽ വസ്തു പോക്ക് വരവ് ചെയ്ത രേഖയുമില്ല. രജിസ്റ്റാർ ഓഫീസിലും ഭൂരേഖ ഓഫീസിലും യാതൊരു തെളിവുമില്ല. ഇത് കാരണം പൊളിച്ച് മാറ്റിയ ബസ് സ്റ്റാന്റ് കെട്ടിടത്തിന് പകരം പുതിയത് പണിയാൻ കഴിയുന്നില്ല.

റെയിൽവേ പാത ഇരട്ടിപ്പിക്കലിന് നഗരസഭ 0.17 ഹെക്ടർ ഭൂമി വിട്ട് നൽകിയിരുന്നു. ഇതിനുള്ള നഷ്ടപരിഹാരമായി റെയിൽവേ അഞ്ചര കോടി രൂപ അനുവദിച്ചിരുന്നു. പക്ഷേ മതിയായ രേഖകൾ ഹാജരാക്കാത്തത് കൊണ്ട് ഈ പണം കിട്ടാക്കനിയായി തുടരുകയാണ്. ചെറുതും വലുതുമായി വേറെയും സ്ഥലങ്ങൾ രേഖ ഇല്ലാതെ കിടക്കുന്നുണ്ട്. ഇഷ്ടദാനം കിട്ടിയതും രാജഭരണത്തിന് ശേഷം പതിച്ചു കിട്ടിയതുമാണ് അധികവും.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp