ആനന്ദ് അംബാനി-രാധിക വിവാഹം ഇന്ന്: ചെലവ് 5000 കോടി, അംബാനിയുടെ ആസ്തിയുടെ 0.05 ശതമാനം മാത്രം

മാസ​ങ്ങളോളം നീണ്ട ആഘോഷരാവുകൾക്കൊടുവിൽ മുകേഷ് അംബാനിയുടേയും നിത അംബാനിയുടേയും ഇളയപുത്രൻ ആനന്ദ് അംബാനിയും രാധിക മെർച്ചന്റും തമ്മിൽ ഇന്ന്(ജൂലൈ 12) വിവാഹിതരാവുകയാണ്. സം​ഗീത്, ഹൽദി തുടങ്ങി ആർഭാടമായ പ്രീവെഡ്ഡിങ് ആഘോഷങ്ങൾക്കാണ് കഴിഞ്ഞ കുറച്ചു മാസങ്ങൾ സാക്ഷ്യം വഹിച്ചത്. നാലായിരം മുതൽ അയ്യായിരം കോടിയാണ് ആനന്ദ്-രാധിക വിവാഹച്ചെലവെന്ന് ഔട്ട്ലുക്ക് റിപ്പോർട്ടിൽ പറയുന്നു. അംബാനി കുടുംബത്തിന്റെ ആസ്തിയുടെ 0.05 ശതമാനം മാത്രമേ ഇത് വരൂ.

മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ വിവാഹിതരാകുന്ന ആനന്ദിനേയും രാധികയേയും ആശീ​ർവദിക്കാൻ താരലോകത്തെ നിരവധിപേരാണെത്തുന്നത്. കിം കർദാഷിയാൻ, ക്ലോയി കർദാഷിയാൻ, ഷാരൂഖ് ഖാൻ, പ്രിയങ്ക ചോപ്ര, നിക്ക് ജോനാസ്, രാം ചരൺ, മുൻ യു.കെ. പ്രധാനമന്ത്രി ബോറിസ് ജോൺസൺ, സാംസങ് സി.ഇ.ഒ. ഹാങ് ജോങ് ഹീ തുടങ്ങി രാഷ്ട്രീയ, വ്യവസായ, സിനിമാരം​ഗത്തു നിന്നുള്ള നിരവധിപേർ ഇതിനകം മുംബൈയിൽ എത്തിച്ചേർന്നിട്ടുണ്ട്.

മൂന്നുദിവസം നീണ്ടുനിൽക്കുന്ന വിവാഹചടങ്ങുകൾക്കാണ് ഒരുക്കമായിരിക്കുന്നത്. കിം കർദാഷിയാന്റെയും ക്ലോയിയുടെയും ഇന്ത്യയിലേക്കുള്ള ആദ്യവരവാണിത്. സൗത്ത് മുംബൈയിലെ ഹോട്ടലിൽ വന്നയുടൻ ഇരുവരെയും പരമ്പരാ​ഗത രീതിയിൽ സ്വാ​ഗതം ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മകൾ സുഹാന ഖാനൊപ്പമാണ് ഷാരൂഖ് ഖാൻ വിവാഹ ചടങ്ങിനെത്തിയിരിക്കുന്നത്. മൈക് ടൈസൺ, യു.എസ്. ​ഗുസ്തി താരം ജോൺ സീന തുടങ്ങിയവർ വരുമെന്നാണ് അഭ്യൂഹങ്ങൾ. ​ഗായകരായ അഡ‍െയ്ലിന്റെയും ഡ്രേക്കിന്റെയും സം​ഗീതപരിപാടിയും വിവാഹത്തോട് അനുബന്ധിച്ച് നടക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

മാർച്ചിൽ ജാംന​ഗറിൽ വച്ചാണ് ആനന്ദിന്റേയും രാധികയുടേയും പ്രീ വെഡ്ഡിങ് ആഘോഷങ്ങൾക്ക് തുടക്കമായത്. ​ഗായകരായ റിഹാന, അർജീത് സിങ്, ദിൽജീത് ദോസാൻജ് തുടങ്ങിയവരുടെ സം​ഗീതനിശയും അരങ്ങേറിയിരുന്നു. ജൂലൈയിൽ പരമ്പരാ​ഗത വിവാഹ ആഘോഷങ്ങൾക്കായിരുന്നു പ്രാധാന്യം. മാമേരു-മൗസുലു ചടങ്ങായിരുന്നു അതിൽ പ്രധാനം. വധുവിന്റെ അമ്മാവൻമാർ വസ്ത്രങ്ങളും ആഭരണങ്ങളും ഉൾപ്പെടെയുള്ള സമ്മാനം നൽകി ആശീർവദിക്കുന്ന ചടങ്ങായിരുന്നു ഇത്.

പിന്നാലെ ആനന്ദ് അംബാനിയുടെ അമ്മ കോകില ബെൻ മുംബൈയിൽ വച്ച് ദാൻഡിയ രാത്രിയും സംഘടിപ്പിച്ചു. കുടുബാം​ഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങാണിത്. ശേഷം അംബാനി കൾച്ചറൽ സെന്ററിൽ വച്ചു നടത്തിയ സം​ഗീത് ചടങ്ങിൽ ജസ്റ്റിൻ ബീബറിന്റെ സം​ഗിതപരിപാടിയായിരുന്നു പ്രധാന ആകർഷണം. സൽമാൻ‍ ഖാൻ, ജാൻവി കപൂർ, രൺവീർ സിങ് തുടങ്ങിയവരും ചടങ്ങിനെത്തിയിരുന്നു.ഗുജറാത്തിലെ ജാംനഗറിലും ഇറ്റലിയിലെ ആഡംബരക്കപ്പലിലും പ്രീ വെഡ്ഡിങ് ആഘോഷങ്ങള്‍ നടത്തിയിരുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp