ഒരു വര്‍ഷത്തിലധികം വാലിഡിറ്റി; കിട്ടിയ ചാന്‍സില്‍ ആളെ പിടിക്കാന്‍ ബിഎസ്എന്‍എല്ലിന്‍റെ കിടിലൻ പ്ലാന്‍

ദില്ലി: രാജ്യമെമ്പാടും 4ജി സേവനം ലഭ്യമാക്കാന്‍ തയ്യാറെടുക്കുകയാണ് പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. ഇതിനൊപ്പം മികച്ച പുതിയ പ്ലാനുകളും ബിഎസ്എന്‍എല്‍ അവതരിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഭാരതി എയര്‍ടെല്ലും റിലയന്‍സ് ജിയോയും വോഡഫോണ്‍ ഐഡിയയും താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധനേടുകയാണ് ബിഎസ്എന്‍എല്‍. ബിഎസ്എന്‍എല്ലിന്‍റെ രണ്ട് ആകര്‍ഷകമായ വാര്‍ഷിക റീച്ചാര്‍ജ് പ്ലാനുകളെ കുറിച്ച് അറിയാം. 

395 ദിവസ പ്ലാന്‍ 

395 ദിവസത്തെക്കും 365 ദിവസത്തേക്കുമുള്ള 4ജി റീച്ചാര്‍ജ് പ്ലാനുകളാണിവ. 395 ദിവസത്തെ റീച്ചാര്‍ജില്‍ ദിവസവും രണ്ട് ജിബി വരെ അതിവേഗ ഡാറ്റ ആസ്വദിക്കാം. രണ്ട് ജിബിക്ക് ശേഷം 40 കെബിപിഎസ് ആയിരിക്കും ഇന്‍റര്‍നെറ്റ് വേഗത. ഏതൊരു നെറ്റ്‌വര്‍ക്കിലേക്കും പരിധിയില്ലാത്ത വോയിസ് കോളും ദിവസവും 100 എസ്‌എംഎസുകളും ഈ പ്ലാനിനൊപ്പം ഉപഭോക്താക്കള്‍ക്ക് ലഭിക്കും. രാജ്യമാകെ ഫ്രീ റോമിംഗുമുണ്ട്. 2399 രൂപയാണ് 395 ദിവസത്തേക്കുള്ള റീച്ചാര്‍ജിനുള്ള തുക. 

365 ദിവസ പ്ലാന്‍ 

365 ദിവസത്തേക്കുള്ള റീച്ചാര്‍ജില്‍ ആകെ 600 ജിബി ഡാറ്റയാണ് കിട്ടുക. രാജ്യമെമ്പാടും ഏതൊരു നെറ്റ്‌വര്‍ക്കിലേക്കും പരിധിയില്ലാത്ത വോയിസ് കോള്‍ ഈ റീച്ചാര്‍ജ് പ്ലാനിലും ലഭ്യമാണ്. ദിവസം 100 എസ്എംഎസ് വീതവും ആസ്വദിക്കാം. 1999 രൂപയാണ് 365 ദിവസത്തെ ഈ റീച്ചാര്‍ജ് പ്ലാനിന് ചിലവാകുക. 

ജൂലൈ ആദ്യത്തോടെ ജിയോയും എയര്‍ടെല്ലും വോഡഫോണ്‍ ഐഡിയയും നിരക്കുകള്‍ ഗണ്യമായി ഉയര്‍ത്തിയിരുന്നു. പ്രീ-പെയ്ഡ്, പോസ്റ്റ്-പെയ്ഡ് ഉപഭോക്താക്കളുടെ നിരക്കുകളിലാണ് വര്‍ധനവുണ്ടായത്. രാജ്യത്തെ ടെലികോം രംഗത്ത് ആരോഗ്യകരമായ ബിസിനസ് മോഡല്‍ സൃഷ്ടിക്കുന്നതിനും സ്‌പെക്ട്രം അടക്കമുള്ള സാങ്കേതികസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള നിക്ഷേപത്തിനും മാന്യമായ വരുമാനം സാധ്യമാക്കുന്നതിനും വേണ്ടിയാണ് താരിഫുകള്‍ ഉയര്‍ത്തുന്നത് എന്നാണ് സ്വകാര്യ ടെലികോം കമ്പനികളുടെ വാദം.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp