തിരുവനന്തപുരം: കോളറ പേടിയില്‍ തലസ്ഥാനം ജാഗ്രതയിൽ. വെള്ളിയാഴ്ച്ച മാത്രം നാല് പേർക്ക് കോളറ സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിലാണ് തലസ്ഥാനം. നെയ്യാറ്റിൻകരയിലെ ശ്രീകാരുണ്യ ഹോസ്റ്റലിലെ അന്തേവാസികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോളറ ബാധിച്ചവരുടെ എണ്ണം 12 ആയി ഉയർന്നു. ഇതിൽ 11 പേരും നെയ്യാറ്റിൻകരയിലെ ഹോസ്റ്റലിലെ അന്തേവാസികളാണ്. കോളറയുടെ ഉറവിടം കണ്ടെത്താനാകാത്തത് കൂടുതല്‍ ആശങ്കയുണ്ടാക്കുകയാണ്.
അതേസമയം സംസ്ഥാനത്ത് പകർച്ചപ്പനി പടരുകയാണ്. ഇന്നലെ മാത്രം 12,204 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്.11 പേർ മരണപ്പെട്ടു. നാല് പേർ എലിപ്പനി ബാധിച്ചാണ് മരിച്ചത്.
പനിബാധിതരുടെ എണ്ണം വർധിക്കുമ്പോഴും കാസർകോട് ജില്ലയില്‍ ആവശ്യത്തിന് ഡോക്ടർമാരില്ലാതെ രോഗികള്‍ വലയുകയാണെന്ന പരാതി ഉയർന്നു. 78 ഡോക്ടർമാരുടെ കുറവാണ് ജില്ലയിലുള്ളത്. ജില്ലാ ആശുപത്രിയിലും ജനറൽ ആശുപത്രിയിലും ആർഎംഒമാരില്ല. 22 സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ തസ്തികയും ഒഴിഞ്ഞു കിടക്കുകയാണ്.കാസർകോട് ജില്ലയിൽ 323 ഡോക്ടർമാരുടെ തസ്തികയാണുള്ളത്. മൂന്നുതവണയായി 75 ഡോക്ടർമാരുടെ ഒഴിവിലേക്ക് പിഎസ്‌സി നിയമന ഉത്തരവ് നൽകിയെങ്കിലും 33 പേർ മാത്രമാണ് എത്തിയത്. ഇവരിൽ 30 പേരും പിജി കോഴ്സിനും മറ്റുമായി അവധിയിൽ പോയി. നിലവിലുള്ള ഡോക്ടർമാർ അധികസമയം ഡ്യൂട്ടി എടുത്താണ് ഒ പിയിലും വാർഡിലും ഉള്ള രോഗികളെ പരിശോധിക്കുന്നത്.