സംസ്ഥാനത്ത് മാനസിക സമ്മർദം നേരിടുന്ന പൊലീസുകാരുടെ എണ്ണം കൂടുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് മാനസിക സമ്മർദം നേരിടുന്ന പൊലീസുകാരുടെ എണ്ണം കൂടുന്നു. കേരളാ പൊലീസിന്റെ ‘ഹാറ്റ്സ്’ പദ്ധതിയിൽ കൗൺസിലിംഗിനെത്തുന്നവരുടെ എണ്ണത്തിലാണ് കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ വർധനവുണ്ടായത്. ഭൂരിഭാഗം പേരുടെയും പ്രശ്നം ജോലി സംബന്ധമായ സമ്മർദമെന്നാണ് കണ്ടെത്തൽ.

കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 88 പൊലീസുകാരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. ജോലിഭാരത്തെത്തുടർന്നുണ്ടാകുന്ന മാനസിക സമ്മർദമാണ് ഭൂരിഭാഗം ആത്മഹത്യകളുടെയും കാരണം. ഇങ്ങനെ മാനസിക സമ്മർദം നേരിടുന്ന പൊലീസുകാരുടെ എണ്ണം ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ ഏഴുവർഷത്തിനിടയിൽ 6389 പൊലീസുകാരാണ് മാനസിക സമ്മർദത്തെ തുടർന്ന് കൗൺസിലിംഗ് തേടിയത്. ഇതിൽ ഓരോ വർഷം കഴിയും തോറും വർധനവുമുണ്ട്.

ഈ വർഷം മെയ് വരെ മാത്രം 358 പൊലീസുകാരാണ് കൗൺസിലിങ്ങിന് എത്തിയത്. ജോലിയുമായി ബന്ധപ്പെട്ട് പൊലീസുകാർ നേരിടുന്ന മാനസിക സംഘർഷം ലഘൂകരിക്കുന്നതിനായി കേരള പൊലീസ് ഏർപ്പെടുത്തിയ ഹാറ്റ്സ് കൗൺസിലിംഗ് പദ്ധതിയിലെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 2017-ൽ 600 പൊലീസുകാർ മാത്രമാണ് കൗൺസിലിംഗ് തേടിയതെങ്കിൽ അത് 2023 ആയപ്പോഴേക്കും 963 ആയി.

ജോലി സംബന്ധമായ മാനസിക സമ്മർദമാണ് കൗൺസിലിംഗ് തേടാനുള്ള പ്രധാന ഘടകമെന്നാണ് ഹാറ്റ്സ് പറയുന്നത്. സേനയിലെ പുരുഷ ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളും മദ്യപാനം, കുടുംബപ്രശ്നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടും ഹാറ്റ്സിനെ സമീപിച്ചിട്ടുണ്ട്. കൗൺസിലിംഗ് തേടിയെത്തുന്നവരിൽ ഭൂരിഭാഗവും 30 മുതൽ 45 വയസ്സ് വരെ പ്രായമുള്ള പുരുഷ പൊലീസുകാരാണ്. വിവാഹം കഴിഞ്ഞ പുരുഷ പൊലീസുകാരാണ് ഏറ്റവും അധികം മാനസിക സമ്മർദം അനുഭവിക്കുന്നത്. വിവാഹത്തിനുശേഷം പ്രൊഫഷണൽ ജീവിതത്തിന്റെയും വ്യക്തിപരമായ കാര്യങ്ങളുടെയും ഭാരം വർധിക്കുന്നുവെന്നും ഹാറ്റ്സ് പറയുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp