കൊച്ചി: പെരിയാർ മത്സ്യക്കുരുതി നടന്നിട്ട് ഒരു മാസം പിന്നിട്ടിട്ടും മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ ഇപ്പോഴും തീരുമാനമായില്ല. ഇതോടെ പ്രതിഷേധം ശക്തമാക്കാനാണ് മത്സ്യത്തൊഴിലാളികളുടെ തീരുമാനം.
ഇന്ന് ഉച്ചയ്ക്ക് എറണാകുളം നഗരത്തിൽ പരമ്പരാഗത ഉൾനാടൻ മത്സ്യത്തൊഴിലാളി അവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി നടക്കും. കഴിഞ്ഞദിവസം ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതിക്ക് മത്സ്യത്തൊഴിലാളികൾ നിവേദനം സമർപ്പിച്ചിരുന്നു.
മത്സ്യങ്ങൾ ചത്തുപൊങ്ങാനിടയാക്കിയത് പെരിയാറിലെത്തിയ രാസമാലിന്യമാണെന്ന പഠന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടും സർക്കാർ ഇതിനെ അവഗണിക്കുകയാണെന്നും മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നു.
അതേസമയം പെരിയാറിലേക്ക് വീണ്ടും കമ്പനികൾ മാലിന്യം ഒഴുക്കിവിട്ടു. ഇന്നലെ രാത്രിയാണ് കറുത്ത ദ്രാവകം പുഴയിലേക്ക് ഒഴുക്കിവിടുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. വിശദമായ പരിശോധനയിൽ വിവിധ ടാങ്കുകളിൽ ശേഖരിച്ച മാലിന്യം പെരിയാറിലേക്ക് ഒഴുക്കിവിടുന്നതായി മലിനീകരണ വിരുദ്ധ സമിതി പ്രവർത്തകർ കണ്ടെത്തി.
പൊലൂഷൻ കൺട്രോൾ ബോർഡ് ഉദ്യോഗസ്ഥരെത്തി ശേഖരിച്ച സാമ്പിളിന്റെ പരിശോധന ഫലം ഇന്ന് പുറത്തുവന്നേക്കും. നേരത്തെ മാലിന്യമൊഴുക്കിയതിനെത്തുടർന്ന് അടച്ചുപൂട്ടിയ സി ജി ലൂബ്രിക്കൻസ് എന്ന സ്ഥാപനത്തിൽ നിന്നാണ് വീണ്ടും മാലിന്യം ഒഴുക്കിവിട്ടതെന്നാണ് ആരോപണം. സംഭവത്തിൽ കമ്പനിക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് പെരിയാർ മലിനീകരണ വിരുദ്ധ സമിതിയുടെ തീരുമാനം.