തിരുവനന്തപുരം: പാറശ്ശാലയില്‍ യുവാവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. മുര്യങ്കര ജെ പി ഹൗസില്‍ ജയരാജിന്റെ മകന്‍ നെയ്യൂര്‍ ക്രിസ്ത്യന്‍ കോളജിലെ അവസാന വര്‍ഷ ബിഎസ്‌സി റേഡിയോളജി വിദ്യാര്‍ഥി ജെ പി ഷാരോണ്‍ രാജിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ചാണ് ബന്ധുക്കള്‍ രംഗത്തെത്തിയിരിക്കുന്നത്.
സുഹൃത്ത് നല്‍കിയ ജ്യൂസ് കുടിച്ചതിനെ തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്നമാണ് മരണകാരണമെന്ന് ആരോപിച്ച് യുവാവിന്റെ ബന്ധുക്കള്‍ പാറശ്ശാല പോലീസിനു പരാതി നല്‍കി. തന്റെ മകന് പെണ്‍കുട്ടി വിഷം നല്‍കിയതാണെന്നും സംഭവത്തില്‍ കേസെടുത്ത് അന്വേഷിച്ച് നീതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുമാണ് ഷാരോണിന്റെ അച്ഛന്‍ ജയരാജ് പാറശാല പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പാറശാല പോലീസ് പറഞ്ഞു.
കാരക്കോണം സ്വദേശിനിയുമായി ഷാരോണ്‍ രാജ് അടുപ്പത്തിലായിരുന്നു. റെക്കോര്‍ഡ് ബുക്കുകള്‍ ഉള്‍പ്പെടെ ഈ പെണ്‍കുട്ടി എഴുതി ഷാരോണ്‍ രാജിനെ സഹായിക്കുക പതിവായിരുന്നു. എന്നാല്‍, പെണ്‍കുട്ടിക്ക് വീട്ടുകാര്‍ വിവാഹ ആലോചന കൊണ്ടുവന്നതോടെ ഇവരുടെ ബന്ധത്തില്‍ വിള്ളല്‍ ഉണ്ടായി. കഴിഞ്ഞ പതിനാലാം തീയതി പെണ്‍കുട്ടിയുടെ നിര്‍ദേശപ്രകാരം ഷാരോണ്‍ സുഹൃത്ത് റെജിനുമൊത്ത് രാമവര്‍മന്‍ചിറയിലുള്ള പെണ്‍കുട്ടിയുടെ വീട്ടില്‍ റെക്കോര്‍ഡ് ബുക്കുകള്‍ തിരികെ വാങ്ങാന്‍ പോയിരുന്നു.
റെജിനെ പുറത്ത് നിര്‍ത്തി ഷാരോണ്‍ ഒറ്റയ്ക്കാണ് വീട്ടിലേക്ക് പോയത്. അല്‍പസമയം കഴിഞ്ഞ് ഛര്‍ദിച്ച് അവശനിലയില്‍ ഷാരോണ്‍രാജ് പുറത്തേക്ക് എത്തി. പെണ്‍കുട്ടി നല്‍കിയ പാനീയം കഴിച്ച ഉടന്‍ ഛര്‍ദ്ദില്‍ അനുഭവപ്പെട്ടതായി റെജിനോടു പറഞ്ഞ ശേഷം വീട്ടില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടു. അവശനായ ഷാരോണ്‍രാജിനെ വാഹനത്തില്‍ കയറ്റി റെജിന്‍ മുര്യങ്കരയിലെ വീട്ടില്‍ എത്തിച്ചു. ഉച്ചയ്ക്ക് ശേഷം മാതാവ് വീട്ടില്‍ എത്തിയപ്പോള്‍ ഷാരോണ്‍രാജ് ഛര്‍ദിച്ച് അവശനിലയില്‍ ആയിരുന്നു. ഉടന്‍ പാറശാല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന്, തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പരിശോധനകളില്‍ കാര്യമായ പ്രശ്നങ്ങള്‍ ഇല്ലാത്തതിനാല്‍ രാത്രിയോടെ വീട്ടിലേക്ക് അയച്ചു.
അടുത്ത ദിവസം വായ്ക്കുള്ളില്‍ വ്രണങ്ങള്‍ രൂപപ്പെട്ട് വെള്ളം പോലും കുടിക്കാന്‍ കഴിയാത്ത സ്ഥിതിയിലേക്ക് മാറി. 17ന് വീണ്ടും മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പരിശോധനകളില്‍ വൃക്കകളുടെ പ്രവര്‍ത്തനം കുറയുന്നതായി തെളിഞ്ഞു. അടുത്ത ദിവസങ്ങളില്‍ പല ആന്തരികാവയവങ്ങളുടെയും പ്രവര്‍ത്തനം മോശമായി. ഒന്‍പത് ദിവസത്തിനുള്ളില്‍ അഞ്ച് തവണ ഡയാലിസിസ് നടത്തി. തുടര്‍ന്ന്, വെന്റിലേറ്ററിലേക്കു മാറ്റി.
ആന്തരിക അവയവങ്ങള്‍ ഉള്‍പ്പെടെ തകരാറിലായ ഷാരോണിന്റെ നില ഗുരുതരമായതിനെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഒരു വര്‍ഷമായി പരിചയമുള്ള പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് കഷായവും ജ്യൂസും കുടിച്ചതായി യുവാവ് അറിയിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. വിഷാംശം അകത്ത് ചെന്നതായി ഡോക്ടര്‍മാരം സ്ഥിരീകരിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പാറശാല പോലീസ് പറഞ്ഞു.