ഇവൻ നാടിൻ്റെ രക്ഷകൻ, ‘ലോക്കൽ സൂപ്പർ‌ ഹീറോ’യായി ദിലീപ്: പറന്നുയർന്ന് ‘പറക്കും പപ്പൻ’

ദിലീപിൻ്റെ പിറന്നാൾ ദിനത്തിൽ പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. ഒരു ലോക്കൽ ഹീറോയായി ദിലീപ് എത്തുന്ന ചിത്രത്തിനു പറക്കും പപ്പൻ എന്നാണ് പേര്. സൂപ്പർ ഹീറോ കഥാപാത്രമായ പറക്കും പപ്പനായാണ് ദിലീപ് ചിത്രത്തിലെത്തുന്നത്. വിയാൻ വിഷ്ണു സംവിധാനം ചെയ്യുന്ന ചിത്രത്തിനു റാഫിയാണ് തിരക്കഥ ഒരുക്കുന്നത്. സംഗീതം ഒരുക്കുന്നത് തമിഴ് സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറാണെന്നും സൂചനയുണ്ട്.

കാർണിവൽ മോഷൻ പിക്ചേഴ്സും ദിലീപിൻ്റെ തന്നെ ഉടമസ്ഥതയിലുള്ള ഗ്രാൻഡ് പ്രൊഡക്ഷൻസുമാണ് ചിത്രം നിർമിക്കുന്നത്. ബിഗ് ബജറ്റ് ചിത്രമായിരിക്കുമെന്നാണ് പ്രഥമിക വിവരം. വിയാൻ വിഷ്ണുവിൻ്റെ ആദ്യ ചിത്രമാണ് പറക്കും പപ്പൻ. പഞ്ചാബിഹൗസ്, പാണ്ടിപ്പട, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നീ ചിത്രങ്ങൾക്കു ശേഷം റാഫി- ദിലീപ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. റാഫിയുടെ സംവിധാനത്തിൽ‌ ദിലീപ് നായകനായ വോയ്സ് ഓഫ് സത്യനാഥൻ ഷൂട്ടിംഗ് കഴിഞ്ഞ് പോസ്റ്റ് പ്രൊഡക്ഷൻ സേറ്റേഡിലാണ്. ജോജു ജോർജ്, സിദ്ദിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ എന്നിവരും അഭിനയിക്കുന്നു. മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഒരു ദിലിപ് ചിത്രം തിയറ്ററിലേക്ക് എത്തുന്നത്. ചിത്രം ക്രിസ്മസിനു തിയറ്ററിലെത്തും.

പറക്കും പപ്പൻ്റെ അണിയറ പ്രവർത്തകരുടെയും മറ്റു താരങ്ങളുടെയും വിവരങ്ങൾ പിന്നാലെ പുറത്തുവിടും. നാലു വർഷം മുമ്പ് അനൗൺസ് ചെയ്ത ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്ററിൻ്റെ റിലീസ് ദിലീപിൻ്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു. മലയാളത്തിൽ നിന്നും മിന്നൽ മുരളിയ്ക്കു ശേഷം മറ്റൊരു സൂപ്പർ ഹീറോ കഥാപാത്രം എത്തുകയാണ്. മാസ് പരിവേഷമുണ്ടെങ്കിലും റാഫി തിരക്കഥ ഒരുക്കുന്നതിനാൽ കോമഡി ട്രാക്കിലാകും കഥ വികസിക്കുന്നത്. ദിലീപിൻ്റെ പിറന്നാൾ ദിനത്തിൽ മറ്റൊരു ബിഗ് ബജറ്റ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസറ്ററും റിലീസ് ചെയ്തിരുന്നു. രാമലീലയുടെ വലിയ വിജയത്തിനു ശേഷം ദിലീപിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്യുന്ന ബാന്ദ്ര എന്ന ചിത്രത്തിൽ‌ സ്റ്റൈലിഷ് ലുക്കിലാണ് ദിലീപ് എത്തുന്നത്. ദിലീപിൻ്റെ കരിയറിൽ നിരവധി സൂപ്പർ ഹിറ്റുകൾ നൽകിയ തിരക്കഥാകൃത്ത് ഉദയകൃഷ്ണ മുംബെയിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രത്തിനു രചന നിർവഹിച്ചിരിക്കുന്നത്. ത്രില്ലർ മൂഡിലാണ് ചിത്രം ഒരുക്കുന്നത്.

തെന്നിന്ത്യൻ താര സുന്ദരി തമന്നയാണ് ദിലീപിനു നായികയാകുന്നത്. ദിലീപിൻ്റെ 147 -ാം ചിത്രമാണിത്. തമിഴ് നടൻ ശരത് കുമാർ, ബോളിവുഡ് നടൻ ദിനോ മോറിയ, ബോളിവുഡ് നടനും മോഡലുമായ രാജ്‌വീർ അങ്കൂർ സിംങ്ങ്, ധാരാസിംഗ് ഖുറാന, ആര്യൻ സന്തോഷ്, ഈശ്വരി റാവു, അമിത് തീവാരി, ദിനോ മോറിയ, തമിഴ് നടൻ വിടിവി ഗണേഷ്, സിദ്ധിഖ്, കലാഭവൻ ഷാജോൺ, ലെന തുടങ്ങിയ ഇന്ത്യൻ സിനിമയിലെ വലിയ താരനിരയാണ് ചിത്രത്തിലെത്തുന്നത്. മുംബൈയാണ് ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷൻ. അജിത്ത് വിനായക ഫിലിംസിന്‍റെ ബാനറില്‍ വിനായക അജിത്താണ് ചിത്രത്തിന്‍റെ നിര്‍മാണം. ഷാജി കുമാറാണ് ഛായാഗ്രഹണം. സംഗീതം സാം സി.എസും എഡിറ്റിംഗ് വിവേക് ഹര്‍ഷനും നിർ‌വഹിക്കുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp