കേരളത്തില്‍ ഡ്രൈവിങ് ലൈസന്‍സ് കാത്ത് 5.23 ലക്ഷം ആളുകള്‍, ടെസ്റ്റുമില്ല, പാസായാല്‍ കാര്‍ഡുമില്ല

തിരുവനന്തപുരം: പുതിയ ഡ്രൈവിങ് ലൈസന്‍സിനും നിലിവിലുള്ളത് പുതുക്കാനുമായി കാത്തിരിക്കുന്നവര്‍ 5.23 ലക്ഷം. ലൈസന്‍സ് എടുക്കാന്‍ കാത്തിരിക്കുന്നത് 2.91 ലക്ഷവും. നിലവിലെ അവസ്ഥയില്‍ ആറുമാസത്തിലേറെ കാത്തിരുന്ന് ടെസ്റ്റ് പാസായാലും ഉടന്‍ ലൈസന്‍സ് കിട്ടില്ല. ടെസ്റ്റ് പാസായ 1.44 ലക്ഷം പേര്‍ക്കും, ലൈസന്‍സ് പുതുക്കാന്‍ നല്‍കിയ 86,987 പേര്‍ക്കും ഇനിയും കാര്‍ഡ് ലഭിച്ചിട്ടില്ല.

ഡിജിറ്റല്‍ ലൈസന്‍സ് ഉപയോഗിക്കാം

ഡ്രൈവിങ് ടെസ്റ്റ് പാസായവര്‍ക്കും പുതുക്കാനുള്ള അപേക്ഷ അംഗീകരിക്കപ്പെട്ടവര്‍ക്കും ലൈസന്‍സിന്റെ ഡിജിറ്റല്‍ പകര്‍പ്പ് ഉപയോഗിക്കാം. ഡിജി ലോക്കര്‍, എം. പരിവാഹന്‍ മൊബെല്‍ ആപ്പുകളില്‍ ഇവ ലഭിക്കും.

ലൈസന്‍സ് ടെസ്റ്റ്

ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റുകള്‍ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി പ്രതിദിന ടെസ്റ്റുകളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ആദ്യഘട്ടത്തില്‍ ഒരു ആര്‍.ടി.ഓഫിസിന് കീഴില്‍ 40 പേര്‍ക്ക് മാത്രമായിരിക്കും ലൈസന്‍സ് ടെസ്റ്റ് എന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍, ഡ്രൈവിങ്ങ് സ്‌കൂളുകാരുടെ പ്രതിഷേധം ശക്തമായതോടെ ഒരു മോട്ടോര്‍ വെഹിക്കിള്‍ ഓഫീസര്‍ 40 ടെസ്റ്റുകള്‍ നടത്തുന്നതിലേക്ക് മാറ്റം വരുത്തുമെന്നും രണ്ട് ഓഫീസര്‍മാരുള്ള ഓഫീസുകളില്‍ 80 ലൈസന്‍സുകള്‍ ഇത്തരത്തില്‍ നല്‍കുമെന്നും ഗതാഗത വകുപ്പ് മന്ത്രി അറിയിക്കുകയായിരുന്നു.

പ്രതിദിനം അനുവദിച്ചിട്ടുള്ള 40 അപേക്ഷകരില്‍ പുതിയ 25 പേര്‍, പഴയ 10 പേര്‍, വിദേശത്ത് പോകുന്ന അഞ്ചുപേര്‍ എന്നിങ്ങനെയാണ് പുതിയ ക്രമീകരണം. വിദേശത്ത് പോകുന്ന അഞ്ചുപേര്‍ ഹാജരാകുന്നില്ലെങ്കില്‍ ലേണേഴ്സ് കാലാവധി കഴിഞ്ഞ അഞ്ച് പേരെ പരിഗണിക്കാം. ആദ്യം റോഡ് ടെസ്റ്റ്, പിന്നീട് H എടുക്കല്‍ എന്ന ക്രമത്തിലാകും ടെസ്റ്റുകള്‍ നടക്കുകയെന്നായിരുന്നു നിര്‍ദേശം.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp