റീല്‍ ചിത്രീകരിക്കുന്നതിനിടെ കൊക്കയിലേക്ക് വീണ് ട്രാവൽ ഇൻഫ്ലുവൻസർ മരിച്ചു. മഹാരാഷ്ട്രയിലെ റായിഗഡിനടുത്തുള്ള കുംഭൈ വെള്ളച്ചാട്ടത്തിന് സമീപമാണ് അപകടം ഉണ്ടായത്. മുംബൈ സ്വദേശിയായ ആന്‍വി കാംദാറാണ് (27) മരിച്ചത്.യുവതി ഈ മാസം 16നാണ് പ്രശസ്തമായ കുംഭെ വെള്ളച്ചാട്ടം കാണുന്നതിനായി യാത്ര തിരിച്ചത്. സുഹൃത്തുക്കളും ഇവരോടൊപ്പം ഉണ്ടായിരുന്നു. പ്രദേശത്തിന്റെ വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവതി വെള്ളച്ചാട്ടത്തിന് സമീപമുള്ള മലയിടുക്കിലേക്ക് വഴുതി വീഴുകയായിരുന്നുവെന്ന് മാങ്കോണ്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.300 അടിയിലധികം താഴ്ചയിലേക്കാണ് യുവതി വീണത്. കോസ്റ്റ്ഗാർഡ് ഉൾപ്പെടയുള്ള രക്ഷാപ്രവർത്തകർ ഉടൻ തന്നെ സ്ഥലത്തെത്തിയെങ്കിലും കനത്ത മഴ രക്ഷാദൗത്യം ദുഷ്കരമാക്കി. ആറ് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് യുവതിയെ പുറത്തെത്തിക്കാനായത്. വീഴ്ചയിൽ ഗുരുതരമായി പരുക്കേറ്റ പെൺകുട്ടിയെ മനഗാവ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.