കൊച്ചി: ആലുവയിൽ നിന്ന് കാണാതായ മൂന്ന് പെൺകുട്ടികളെ കണ്ടെത്തി. തൃശ്ശൂരിൽ നിന്നാണ് പെൺകുട്ടികളെ കണ്ടെത്തിയത്. പെൺകുട്ടികളുമായി പൊലീസ് സംഘം ആലുവയിലേക്ക് തിരിച്ചു. നിർധന പെൺകുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തിൽ നിന്നായിരുന്നു പെൺകുട്ടികളെ കാണാതായത്. രാത്രിയാണ് പെൺകുട്ടികൾ ബാഗുമായി പുറത്ത് കടന്നത്. ആലുവ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു.
ആലുവ തോട്ടക്കാട്ടുകരയിലെ സ്ഥാപനത്തിൽ നിന്നാണ് പെൺകുട്ടികളെ കാണാതായത്. 15, 16, 18 വയസുള്ള കുട്ടികളാണ് രാത്രി പുറത്ത് കടന്നത്. രാത്രി പന്ത്രണ്ടരയോടെ മൂന്ന് പേരും പുറത്തേക്ക് പോകുന്നതിന്റെ സിസി ടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ബാഗടക്കം എടുത്താണ് പെൺകുട്ടികൾ പോയത്. പുലർച്ചെ നാലരയോടെയാണ് കുട്ടികളെ കാണാതായ വിവരം സ്ഥാപനത്തിലെ അധികൃതർ അറിയുന്നത്.
പ്രദേശത്തെ സിസി ടിവി ക്യാമറകൾ പൊലീസ് പരിശോധിച്ചിരുന്നു. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു. ചൈൽഡ് വെൽഫെയർ സെന്ററിൽ നിന്നടക്കമുള്ള പെൺകുട്ടികൾ താമസിച്ച് പഠിക്കുന്ന സ്ഥാപനമാണിത്. മുപ്പതോളം കുട്ടികളാണ് സ്ഥാപനത്തിലുള്ളത്.