പേരിന് നീളം കൂടുതലാണോ? ഡ്രൈവിങ് ലൈസന്‍സ് കിട്ടാന്‍ പാടുപെടും

ആലപ്പുഴ: അക്ഷരങ്ങള്‍ കൂടുതലുള്ള പേരുകാര്‍ക്ക് ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കാനാകുന്നില്ല. പേരു വെട്ടിച്ചുരുക്കിയാലേ രക്ഷയുള്ളൂവെന്ന സ്ഥിതിയാണ്. മോട്ടോര്‍വാഹന വകുപ്പിന്റെ സാരഥി, പരിവാഹന്‍ സൈറ്റുകളിലെ സാങ്കേതികത്തകരാറാണ് പ്രശ്‌നത്തിനു കാരണം.

ഇനീഷ്യല്‍ പൂര്‍ണരൂപത്തില്‍ പേരിനൊടൊപ്പമുള്ളവരാണു വലയുന്നത്. ലൈസന്‍സിന് ഓണ്‍ലൈനായി അപേക്ഷിക്കുമ്പോള്‍ പേരുചേര്‍ക്കുന്നതിന് 16 കളങ്ങളാണുള്ളത്. 16 അക്ഷരത്തില്‍ കൂടിയാല്‍ അപേക്ഷിക്കാനാകില്ല. പേരു ചുരുക്കാനാണ് അധികൃതരുടെ ഉപദേശം.

എന്നാല്‍, ആധികാരികരേഖ എന്ന നിലയില്‍ ഡ്രൈവിങ് ലൈസന്‍സിലെ പേരു ചുരുക്കാന്‍ അപേക്ഷകര്‍ തയ്യാറാകുന്നുമില്ല. പ്രശ്‌നം മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ക്ക് അറിയാമെങ്കിലും ഒന്നും ചെയ്യാനാകുന്നില്ല. സാങ്കേതിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്കേ പ്രശ്‌നം പരിഹരിക്കാനാകൂ. അവരെ വിവരം അറിയിച്ചിട്ടുണ്ട്.

16 അക്ഷരത്തില്‍ കൂടുതലുള്ള പേരുകാര്‍ ഒട്ടേറെപ്പേരുണ്ട്. വീട്ടുപേരും രക്ഷിതാവിന്റെ പേരുമെല്ലാം ചേര്‍ത്ത് ഒറ്റപ്പേരായി ആധാറിലും മറ്റുമുള്ളവരുമുണ്ട്. അവരുടെ പഠന സര്‍ട്ടിഫിക്കറ്റിലും ഔദ്യോഗിക രേഖകളിലുമടക്കം ആ പേരാണുള്ളത്. അങ്ങനെയുള്ളവരാണ് കുടുങ്ങുന്നത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp