വീണ്ടും സുരക്ഷാ വീഴ്ച; കണ്ണൂർ സെൻട്രൽ ജയിലിൽ മൊബൈൽ ഫോൺ കുഴിച്ചിട്ട നിലയിൽ.

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനുള്ളില്‍ മൊബൈല്‍ ഫോണ്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. പത്താം നമ്പര്‍ ഡി-ബ്ലോക്കിന്റെയും ടോയ്ലറ്റ് കെട്ടിടത്തിന്റേയുമിടയിലാണ് മൊബൈല്‍ ഫോണ്‍ കുഴിച്ചിട്ടിരുന്നത്. പരിശോധനക്കിടെ തറയില്‍ മണ്ണിളകിയ നിലയില്‍ കാണപ്പെട്ടതിനാല്‍ കുഴിച്ച് നോക്കിയപ്പോഴാണ് ഉദ്യോഗസ്ഥര്‍ക്ക് സിം കാര്‍ഡില്ലാത്ത ഫോണ്‍ കിട്ടിയത്. സൂപ്രണ്ടിന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

നേരത്തെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പാചകമുറിയില്‍ നിന്നും രണ്ടു കിലോ കഞ്ചാവ് കണ്ടെടുത്തതിനെ തുടര്‍ന്ന് ജയില്‍സൂപ്രണ്ടിനെ സസപെന്‍ഡ് ചെയ്തിരുന്നു. ഗുരുതരമായ സുരക്ഷാവീഴ്ച്ച ജയില്‍ എഡിജിപിയെ അറിയിക്കാന്‍ വൈകിയെന്ന കുറ്റത്തിനാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇതിനു ശേഷം ജയില്‍ വളപ്പിലെ തെങ്ങിന്‍മുകളില്‍ നിന്നും ആറു മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിരുന്നു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പാര്‍പ്പിച്ചിരുന്ന ആറാം ബ്ലോക്കിന്റെ സമീപത്തു നിന്നാണ് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്. ഇതിനു ശേഷവും ജയില്‍ നിന്നും കഞ്ചാവും മൊബൈല്‍ ഫോണും കണ്ടെത്തിയതതോടെ ജയില്‍വകുപ്പ് വെട്ടിലായിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ചപ്പാത്തി കൗണ്ടറില്‍ നിന്നുമാണ് കഞ്ചാവ് കണ്ടെത്തിയത്. ഇതിനിടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അതീവഗുരുതരമായ സുരക്ഷാവീഴ്ചയുണ്ടെന്ന് ആഭ്യന്തര വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഹര്‍ത്താല്‍ അക്രമ കേസിലെ പ്രതിയായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുള്‍പ്പെടെ ആയിരത്തോളം പോരാണ് ജയില്‍ അന്തേവാസികളായുളളത്. എന്നാല്‍ സുരക്ഷാവീഴ്ചയുടെ പേരില്‍ ജയില്‍ സൂപ്രണ്ടിനെ മാത്രം ബലിയാടാക്കിയെന്ന ആരോപണം സേനയില്‍ നിന്നുതന്നെ ഉയര്‍ന്നിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പാണ് ജയില്‍ ചപ്പാത്തി കൗണ്ടറില്‍ നിന്നും ഒരുലക്ഷം രൂപയോളം മോഷ്ടാക്കള്‍ കവര്‍ന്നത്. ഈ കേസിലെ പ്രതികളെ ഇനിയും പോലീസിന് പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp