മോഹന്‍ലാലിന്റെ പുതിയ കാരവാന്റെ വിഡിയോ പങ്കുവച്ച് ആശിര്‍വാദ് സിനിമാസ്. ആഢംബര സൗകര്യങ്ങളോടെ ഒരുക്കിയിട്ടുള്ള കാരവാന്റെ ഇന്റീരിയറും എക്‌സ്റ്റീരിയറുമാണ് വിഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്. ലിവിങ് റൂം, മേക്കപ്പ് റൂം, ബെഡ്‌റൂം തുടങ്ങി എല്ലാ സൗകര്യങ്ങളും ഈ കാരവാനിലുണ്ട്.
ബ്രൗണ്‍ നിറത്തിലുള്ള വാഹനത്തിന് 2255 എന്നാണ് നമ്പര്‍. നടന്റെ ഇഷ്ടനമ്പരാണിത്. 1986ല്‍ പുറത്തിറക്കിയ രാജാവിന്റെ മകന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ പറയുന്ന ഫോണ്‍ നമ്പറായ ‘2255’ ആണിത്. താരത്തിന്റെ കൊച്ചിയിലെ പുതിയ ഫ്‌ളാറ്റിലുള്ള ലാംബ്രട്ട സ്‌കൂട്ടറിനും ഇതേ നമ്പരാണ്. ആശിര്‍വാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലാണ് കാരവാന്റെ വിഡിയോ പങ്കുവച്ചിരിക്കുന്നത്.
മോഹന്‍ലാലിന്റെ താരപ്പകിട്ട് പോലെ തന്നെ ആരാധകരുടെ കണ്ണ് ചിമ്മിക്കുന്നതാണ് ലാലേട്ടന്‍ സ്വന്തമാക്കിയ പുതിയ കാരവന്‍. ഡ്രെസിങ് റൂം, വാഷ് റൂം, തുടങ്ങി എല്ലാ വിധ സൗകര്യങ്ങളും വാഹനത്തിലുണ്ട്. എക്‌സിറ്റീരിയറിനോട് ചേര്‍ന്നുപോകുന്ന തരത്തിലുള്ള നിറം നല്‍കിയാണ് കാരവാന്റെ അകത്തളം.