‘കുഞ്ഞുമക്കൾക്ക് മുലപ്പാൽ വേണേൽ പറയണേ, ഭാര്യ റെഡിയാണ്’; വയനാട്ടിൽ നിന്നും വിളിയെത്തി, ദമ്പതികൾ തിരിച്ചു

ഇടുക്കി: ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണേ, എന്റെ ഭാര്യ റെഡിയാണ്- വയനാട്ടിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കണമെന്ന അഭ്യർത്ഥനയ്ക്കു വന്ന ഈ കമൻ്റാണ് കഴിഞ്ഞ ദിവസം ഏറെ വൈറലായത്. കമൻ്റിടുക മാത്രമല്ല, ഇതിനായി ഭാര്യയും രണ്ട് മക്കളുമായി ഇടുക്കി ഉപ്പുതറ സ്വദേശി സജിൻ പാറേക്കര വയനാട്ടിലേക്ക് തിരിച്ചു കഴിഞ്ഞു. ദുരന്തത്തിൽ അകപ്പെട്ട നിരവധി പിഞ്ചുകുഞ്ഞുങ്ങൾക്ക് അമ്മയില്ലാതായെന്ന വിവരമാണ് ഭാവനയെ ഇതിന് പ്രേരിപ്പിച്ചത്. തുടർന്ന് മുലപ്പാൽ നൽകാൻ തയ്യാറാണെന്ന് സാമൂഹ്യമാധ്യമങ്ങൾ വഴി അറിയിക്കുകയായിരുന്നു. ഞാൻ രണ്ടു കുട്ടികളുടെ അമ്മയാണ്. അമ്മയില്ലാതാവുന്ന കുഞ്ഞുങ്ങളുടെ അവസ്ഥയറിയാം. അതുകൊണ്ടുതന്നെയാണ് ഇതിന് തയ്യാറായത്. ഭർത്താവിനോട് ചോദിച്ചപ്പോൾ പിന്തുണ ലഭിച്ചു. അങ്ങനെയാണ് കുഞ്ഞുങ്ങൾക്ക് മുലയൂട്ടാൻ തീരുമാനിച്ചതെന്ന് ഭാവന പറയുന്നു. 

നാലു വയസ്സും നാലുമാസവും പ്രായമുള്ള രണ്ടു കുട്ടികളുടെ അമ്മയാണ് ഭാവന. വയനാട്ടിലെ ഉരുൾപൊട്ടലിൽ ഒരുപാട് കുടുംബങ്ങൾ മണ്ണിനടിയിലായി. മാതാപിതാക്കളെ നഷ്ടപ്പെട്ട ഒരുപാട് കുട്ടികളുണ്ടാവും. അങ്ങനെയുള്ളവരെ സഹായിക്കാനാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന് സജിൻ പറഞ്ഞു. സംഭവം ശ്രദ്ധയിൽപെട്ടതോടെ വയനാട്ടിൽ നിന്നും വിളി വന്നു. കഴിയുന്നതും നേരത്തെ തന്നെ പുറപ്പെടാൻ പറഞ്ഞതോടെ രാത്രി തന്നെ വയനാട്ടിലേക്ക് തിരിക്കുകയായിരുന്നു ദമ്പതികൾ. ഉപജീവനമായ പിക്കപ്പ് ജീപ്പിലാണ് യാത്ര തിരിച്ചത്. യൂത്ത് കോൺ​ഗ്രസ് ഉപ്പുതറ മണ്ഡലം പ്രസിഡന്റായിരുന്നു സജിൻ. കഴിയുന്നതും വയനാട്ടിൽ നിന്ന് സഹായിക്കാനാണ് ദമ്പതികളുടെ തീരുമാനം. 

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp