കേരള വിദ്യാഭ്യാസ ചട്ടത്തിൽ 25 ശനിയാഴ്ചകൾ അവധി ദിവസങ്ങൾ; ഹൈക്കോടതി റദ്ദാക്കിയെങ്കിലും ശനിയാഴ്ച്ചകൾ പ്രവൃത്തിദിനമാക്കാൻ സംസ്ഥാന സർക്കാരിന് മുന്നിൽ വഴിയുണ്ട്

കൊച്ചി: സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ശനിയാഴ്ച്ച പ്രവൃത്തിദിനമാക്കിയ സർക്കാർ ഉത്തരവ് ​​ഹൈക്കോടതി റദ്ദാക്കിയെങ്കിലും സംസ്ഥാന സർക്കാരിന് വീണ്ടും ശനിയാഴ്ച്ചകൾ പ്രവൃത്തിദിനമാക്കുന്നതിന് നിയമപരമായി തടസ്സമില്ല. വിദ്യാഭ്യാസ വിദ​ഗ്ധരുമായും അധ്യാപക സംഘടനകൾ അടക്കമുള്ളവരുമായും ആലോചിച്ച് പ്രവൃത്തിദിവസങ്ങളുടെ കാര്യത്തിൽ സർക്കാരിന് ഉചിതമായ തീരുമാനം എടുക്കാമെന്ന് ജസ്റ്റിസ് എ സിയാദ് റ​ഹ്മാന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു. അധ്യാപക സംഘടനകൾ അനുവദിച്ചാൽ വീണ്ടും ശനിയാഴ്ച്ചകളെ പ്രവർത്തിദിവസമാക്കി മാറ്റാനാകും. എന്നാൽ, അതത്ര എളുപ്പമുള്ള കാര്യവുമല്ല. കാരണം, സിപിഎമ്മിന്റെയും സിപിഐയുടെയും ഉൾപ്പെടെയുള്ള അധ്യാപക സംഘടനകൾ സർക്കാരിന്റെ ഈ തീരുമാനത്തിന് എതിരാണ്.

കേരള വിദ്യാഭ്യാസ ചട്ടത്തിൽ (കെഇആർ) 25 ശനിയാഴ്ചകൾ അവധി ദിവസങ്ങളായി നിയമപ്രകാരം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. അത് മാറ്റാനുള്ള അധികാരം നിയമപ്രകാരമുള്ള നടപടി ക്രമങ്ങൾ പാലിച്ച് സംസ്ഥാന സർക്കാരിനു മാത്രമാണെന്നും കോടതി നിരീക്ഷിച്ചു. ആ സാ​​ഹചര്യത്തിൽ ശനിയാഴ്ച്ചകൾ പ്രവൃത്തി ദിവസങ്ങളാക്കിയ ഡയറക്ടർ ജനറൽ ഓഫ് എജ്യൂക്കേഷന്റെ നടപടി ആ പദവിയുടെ അധികാരത്തിനു പുറത്താണെന്ന് കോടതി ചൂണ്ടിക്കാട്ടി. കെഇആർ ചട്ടങ്ങളിൽ ഭേ​ദ​ഗതി വരുത്തിയാൽ അധ്യായന ദിവസങ്ങൾ നഷ്ടമാകാതെ ക്രമീകരണം നടത്താനാകുമെന്നാണ് നിയമവിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

സംസ്ഥാനത്തെ സ്കൂളുകളിൽ 220 പ്രവൃത്തിദിവസങ്ങളാക്കിയ നടപടിക്കെതിരെ അധ്യാപക സംഘടനകൾ അടക്കമുള്ളവർ രംഗത്തുവന്നിരുന്നു. പ്രതിപക്ഷ അധ്യാപക സംഘടനകൾക്കു പുറമെ സിപിഐയുടെ അധ്യാപക സംഘടനയും പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. സിപിഎമ്മിന്റെ സംഘടനയും തങ്ങൾക്കുള്ള എതിർപ്പ് സർക്കാരിനെ അറിയിച്ചിട്ടുണ്ട്. കേരള വിദ്യാഭ്യാസ ചട്ടം അനുസരിച്ച് ഒരു അധ്യയന വർഷം 220 പ്ര‌വൃത്തി ദിവസങ്ങൾ വേണമെന്നാണ്. എന്നാൽ കഴിഞ്ഞതിനു മുമ്പത്തെ വർഷം ഇത് 195 ആയിരുന്നു. കഴിഞ്ഞ വർഷം മന്ത്രി വി.ശിവൻകുട്ടിയുടെ നിർദേശപ്രകാരം ഇത് 204 ആക്കി ഉയർത്തി. ഇത്തവണ 210 ദിവസമാക്കാൻ നിർദേശിച്ചെങ്കിലും 204 മതി എന്നായിരുന്നു ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം മേൽനോട്ട സമിതിയുടെ ശുപാർശ. അധ്യാപക സംഘടനകളും 210 ആക്കുന്നതിനോട് എതിർപ്പറിയിച്ചിരുന്നു.

എന്നാൽ ചട്ടപ്രകാരമുള്ള അധ്യയന ദിനങ്ങൾ‍ കുറയ്ക്കുന്നതിനെതിരെ ചില സ്കൂളുകൾ ഹൈക്കോടതിയെ സമീപിച്ചു. ഇക്കാര്യത്തിൽ കോടതി നിർദേശം അനുസരിച്ച് ഹിയറിങ് നടത്തിയെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ല. ഇതിനെതിരെയുള്ള കോടതിയലക്ഷ്യ ഹർജി കോടതി പരിഗണിക്കാനിരിക്കെയാണ് പ്രവൃത്തി ദിവസങ്ങൾ 220 ആക്കിക്കൊണ്ട് ജൂൺ ആദ്യം വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. ഇതിനെതിരെ കോൺഗ്രസിന്റെ അധ്യാപക സംഘടനയായ കെപിഎസ്ടിഎ അടക്കമുള്ളവർ നൽകിയ ഹർജി പരിഗണിച്ചു കൊണ്ടാണ് കോടതിയിൽ നിന്ന് തീരുമാനം ഉണ്ടായിരിക്കുന്നത്.

സാമൂഹ്യ പ്രതിബദ്ധതയും വ്യക്തിഗത ബന്ധങ്ങളുമൊക്കെ ഊട്ടിയുറപ്പിക്കുന്ന രീതിയിൽ കലാ, കായിക ഇനങ്ങൾ ഉൾപ്പെടെയുള്ളവയിൽ വിദ്യാർഥികൾ ഭാഗഭാക്കാവണം. എൻസിസി, എൻഎസ്എസ് പോലുള്ളവയും അക്കാര്യത്തിൽ പ്രധാനമാണ്. പരമ്പരാഗതമായുള്ള ആഴ്ചയിലെ 5 ദിവസ ക്ലാസുകൾക്ക് പകരം 4 ദിവസം മാത്രം ക്ലാസുകൾ ഉള്ളയിടങ്ങളിൽ കുട്ടികളുടെ മികവ് വർധിക്കുന്നുവെന്ന് യു.എസിലെ ചില സ്കൂളുകളിലെ പഠനങ്ങൾ വാദത്തിനിടെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. അക്കാര്യങ്ങൾ പരിഗണിക്കപ്പെടേണ്ടവയാണ്. ആറു ദിവസ ക്ലാസിലേക്ക് കുട്ടികളെ ഉന്തിത്തള്ളി വിടുന്നതിനു മുമ്പ് അവരുടെ മാനസികാരോഗ്യവും പരിശോധിക്കണം. 43 ശനിയാഴ്ചകൾ ഉള്ളതിൽ 10 രണ്ടാം ശനിയാഴ്ചകൾ ഒഴിവാക്കിയാൽ ബാക്കിയുള്ള 33 ശനിയാഴ്ചകളിൽ 25 എണ്ണമാണ് പ്രവൃത്തിദിവസങ്ങളാക്കിയിരിക്കുന്നത്. എന്നാൽ ഇത് അധ്യാപകരോടോ അവരുടെ സംഘടനകളോടോ വിദ്യാഭ്യാസ സ്ഥാപനങ്ങളോടോ വിദ്യാർഥികളോടെ ചർച്ച നടത്താതെയാണ് നടപ്പാക്കിയത് എന്ന് കോടതി ചൂണ്ടിക്കാട്ടി. വിദഗ്ധരായവരുടെ അഭിപ്രായം ഇക്കാര്യത്തിൽ കണക്കിലെടുക്കേണ്ടതായിരുന്നു. ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയത് അധ്യാപകരെ ബാധിക്കുന്ന കാര്യമല്ലെന്ന വാദം അംഗീകരിക്കാൻ പറ്റില്ലെന്നും കോടതി പറഞ്ഞു.

ശനിയാഴ്ച പ്രവൃത്തി ദിവസമാക്കുന്ന കാര്യത്തിൽ ചില സംഘടനകളുമായി ചർച്ചകൾ നടത്തിയിരുന്നെങ്കിലും അത് കേവലം ഔപചാരികതയുടെ പേരിലായിരുന്നു എന്നും തീരുമാനം അതിനു മുന്നേ എടുക്കപ്പെട്ടിരുന്നു എന്നും കോടതി പറഞ്ഞു. വിദ്യാഭ്യാസ അവകാശ നിയമം, കേരള വിദ്യാഭ്യാസ ചട്ടം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ കൈക്കൊണ്ടിട്ടുള്ള ചട്ടങ്ങൾ ഒക്കെ പരിശോധിക്കുമ്പോൾ 25 ശനിയാഴ്ചകൾ പ്രവർത്തി ദിവസമാക്കിയത് ഇതുമായി ബന്ധപ്പെട്ടവരുമായി പരിശോധിക്കാതെയാണെന്നു വ്യക്തമാണ്. വിദ്യാഭ്യാസ അവകാശ നിയമത്തിലെ കാര്യങ്ങളുമായി ചേർന്നു പോകുന്ന തരത്തിലാണോ പ്രവർത്തി ദിവസം നിശ്ചയിച്ചിരിക്കുന്നത് എന്നതും പരിശോധിക്കപ്പെട്ടിട്ടില്ല. വിദഗ്ധരുമായി ആലോചിക്കാതെയും തിടുക്കപ്പെട്ടും മറ്റു കാര്യങ്ങൾ പരിഗണിക്കാതെയുമാണ് പ്രവർത്തി ദിവസങ്ങൾ കൂട്ടാനുള്ള തീരുമാനമെടുത്തതെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിനെല്ലാം ഉപരിയായി, കേരള വിദ്യാഭ്യാസ ചട്ടത്തിൽ (കെഇആർ) 25 ശനിയാഴ്ചകൾ അവധി ദിവസങ്ങളായി നിയമപ്രകാരം പ്രഖ്യാപിച്ചിരിക്കെ അവ പ്രവൃത്തി ദിവസങ്ങളാക്കിയ ഡയറക്ടർ ജനറൽ ഓഫ് എജ്യൂക്കേഷന്റെ നടപടി ആ പദവിയുടെ അധികാരത്തിനു പുറത്താണ്. അത് മാറ്റാനുള്ള അധികാരം നിയമപ്രകാരമുള്ള നടപടി ക്രമങ്ങൾ പാലിച്ച് സംസ്ഥാന സർക്കാരിനു മാത്രമാണെന്നും കോടതി നിരീക്ഷിച്ചു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp