‘ആയിരം നന്ദി’: ആർമിയെ പ്രശംസിച്ച് കത്തയച്ച മൂന്നാം ക്ലാസ് വിദ്യാർഥിക്ക് നന്ദി പറഞ്ഞ് ഇന്ത്യൻ ആർമി

വയനാട് രക്ഷാദൗത്യത്തിൽ ആർമിയെ പ്രശംസിച്ച് കത്തയച്ച മൂന്നാം ക്ലാസ് വിദ്യാർഥിക്ക് നന്ദി പറഞ്ഞ് ഇന്ത്യൻ ആർമി. മൂന്നാം ക്ലാസുകാരൻ റയാന് ആണ് സൈന്യം നന്ദി അറിയിച്ചിരിക്കുന്നത്. റയാന്റെ ഹൃദയംഗമമായ വാക്കുകൾ ആഴത്തിൽ സ്പർശിച്ചെന്ന് സതേൺ കമാൻഡ് ഇന്ത്യൻ ആർമി എക്സിൽ കുറിച്ചു.റയാൻ യൂണിഫോം ധരിച്ച് ഞങ്ങളോടൊപ്പം നിൽക്കുന്ന ദിവസത്തിനായി ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നുവെന്നു പോസ്റ്റിൽ പറയുന്നു. വയനാട്ടിലെ സൈന്യത്തിന്റെ രക്ഷാപ്രവർത്തനം കണ്ട് തനിക്ക് പ്രചോദനമായെന്നും ഇന്ത്യൻ ആർമിയിൽ ചേരുമെന്നും ആയിരുന്നു റയാന്റെ കത്ത്. മണ്ണിനടിയിൽ പെട്ടുപോയ മനുഷ്യരെ നിങ്ങൾ രക്ഷിക്കുമ്പോൾ ഒരുപാട് സന്തോഷമായി എന്ന് റയാൻ ഇന്ത്യൻ ആർമിക്ക് അയച്ച കത്തിൽ പറയുന്നു.

റയാന്റെ ധൈര്യത്തിനും പ്രചോദനത്തിനും ആയിരം നന്ദി എന്നായിരുന്നു ഇന്ത്യൻ‌ ആർമിയുടെ മറുപടി. നമ്മുക്ക് ഒരുമിച്ച് നമ്മുടെ രാജ്യത്തെ അഭിമാനകരമാക്കാം എന്ന് സൈന്യത്തിന്റെ മറുപടിയിൽ പറയുന്നു. അതേസമയം മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ അഞ്ചാം ദിവസമായ ഇന്നും തുടരും. മുണ്ടക്കൈയും പുഞ്ചിരിമട്ടവും കേന്ദ്രീകരിച്ചാകും ഇന്ന് തെരച്ചിൽ. റഡാറടമുള്ള ആധുനിക സംവിധാനങ്ങൾ തെരച്ചിലിന് എത്തിച്ചിട്ടുണ്ട്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp