എയർ ലിഫ്റ്റിങ്ങിലൂടെ സ്പോട്ടിലെത്തും; ഇന്ന് സൺറൈസ് വാലി കേന്ദ്രീകരിച്ച് തെരച്ചിൽ

ചൂരല്‍മലയേയും മുണ്ടക്കൈയേയും പിടിച്ചുകുലുക്കിയ ഉരുള്‍പൊട്ടലുണ്ടായിട്ട് ഇന്ന് എട്ടുദിവസം. ഒരാഴ്ച പിന്നിടുമ്പോഴും തെരച്ചില്‍ തുടരുകയാണ്. സൂചിപാറയിലെ സൺറൈസ് വാലി കേന്ദ്രീകരിച്ചുകൊണ്ട് ഇന്ന് തെരച്ചിൽ നടത്തും. വനം വകുപ്പ്,ഉദ്യോഗസ്ഥരും പൊലീസും ഫയർഫോഴ്സും എന്‍ഡിആർഎഫും സ്ഥലത്തെത്തി തിരച്ചിലിന്റെ ഭാഗമാകും. ചാലിയാറിന്റെ വിവിധ മേഖലകളിൽ ഹെലികോപ്റ്റർ സംവിധാനം ഉപയോഗിച്ചു പരിശോധന നടത്തുന്നുണ്ട്. സൂചിപാറയ്ക്ക് താഴെയുള്ള വെള്ളച്ചാട്ടങ്ങൾക്ക് സമീപവും പരിശോധന നടത്തും.ചാലിയാറിന്റെ ഒരു ഭാഗം മാത്രമാണ് നേരത്തെ പരിശോധിക്കാൻ കഴിഞ്ഞിട്ടുള്ളത്. ഇന്നലെ മൃതദേഹം കണ്ടെത്തിയ ചൂരൽമലയിലെയും മുണ്ടക്കയിലെയും വിവിധ പ്രദേശങ്ങളിലും ഇന്നും പരിശോധന തുടരും. മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് ഹാരിസൺ പ്ലാന്റേഷന്റെ 50 സെൻറ് ഭൂമി കൂടി ദുരന്തനിവാരണ നിയമം അനുസരിച്ച് ജില്ലാ കലക്ടർ ഏറ്റെടുക്കും.

ഇന്നലെ സംസ്കരിച്ചത് 30 മൃതദേഹങ്ങളും 150 ലേറെ ശരീരഭാഗങ്ങളും കൂടിയാണ്. മേപ്പാടി പഞ്ചായത്തിലെ 10 ,11 ,12 വാർഡുകൾ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്. തകർന്ന കെട്ടിടങ്ങളുടെ നഷ്ടപരിഹാരം കണക്കാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് ഇന്നുമുതൽ പരിശോധന തുടങ്ങും.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp