ദുരന്ത മേഖലയിലെ ഉപഭോക്താക്കളിൽ നിന്നും 2 മാസത്തേക്ക് വൈദ്യുതി ചാർജ് ഈടാക്കില്ല

വയനാടിലെ ദുരന്ത മേഖലയിലെ ഉപഭോക്താക്കളിൽ നിന്നും രണ്ടു മാസത്തേക്ക് വൈദ്യുതി ചാർജ് ഈടാക്കില്ല. മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളിൽ ഉൾപ്പെടുന്ന കെഎസ്ഇബിയുടെ ചൂരൽമല എക്സ്ചേഞ്ച്, ചൂരൽമല ടവർ, മുണ്ടക്കൈ, കെ കെ നായർ, അംബേദ്കർ കോളനി, അട്ടമല, അട്ടമല പമ്പ് എന്നീ ട്രാൻസ്ഫോർമറുകളിൽ ഉൾപ്പെടുന്ന ഉപഭോക്താക്കൾക്ക് അടുത്ത രണ്ടു മാസം സൗജന്യമായി വൈദ്യുതി വിതരണം ചെയ്യും. ഈ ഉപഭോക്താക്കള്‍ക്ക് നിലവില്‍ വൈദ്യുതി ചാര്‍ജ് കുടിശ്ശിക ഉണ്ടെങ്കില്‍ അത് ഈടാക്കാൻ നടപടി സ്വീകരിക്കരുതെന്നും നിർദേശം നൽകി.അതേസമയം ദുരന്തം കവർന്ന പുഞ്ചിരിമട്ടത്തെയും മുണ്ടക്കൈയിലെയും തിരച്ചിൽ 90 ശതമാനം പൂർത്തിയായെന്ന് റവന്യു മന്ത്രി കെ രാജൻ. നൂറ് ശതമാനം ആണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. സംയുക്ത സംഘം ഇന്ന് യോഗം ചേർന്ന് വിലയിരുത്തും. മരണപ്പെട്ടവരുടെയും കാണാതായവരുടെയും ആദ്യപട്ടിക ഇന്ന് പുറത്തുവിടുമെന്ന് മന്ത്രി വ്യക്തമാക്കി.പുനരധിവാസത്തിനുള്ള വാടക വീടുകൾക്കായുള്ള അന്വേഷണം തുടങ്ങിയെന്ന് മന്ത്രി കെ രാജൻ. വീടുകൾ നഷ്ടമാകാത്തവരും പുനരധിവാസ മാസ്റ്റർ പ്ലാനിൻ്റെ ഭാഗമാണെന്ന് മന്ത്രി പറഞ്ഞു. തിരച്ചിൽ നിർത്തുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. വയനാട്ടിൽ ടൗൺഷിപ്പ് നിർമ്മിക്കുന്നത് സർക്കാരാണെന്ന് മന്ത്രി അറിയിച്ചിരുന്നു.

കേവലം വീട് നൽകുകയല്ല സർക്കാർ ലക്ഷ്യമെന്നും പുനരധിവാസത്തിന് സമഗ്ര പാക്കേജ് ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. പുനരധിവാസം കേരള മോഡൽ ആകും. പ്രൊജക്ടിൽ ആർക്കും സഹകരിക്കാം, പക്ഷെ പൂർണമായും സർക്കാരിന്റെ നേതൃത്വത്തിൽ ആയിരിക്കും പദ്ധതിയെന്നും മന്ത്രി പറഞ്ഞിരുന്നു.

അതിനിടെ വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങളിലെ സ്കൂൾ വിദ്യാഭ്യാസം ഉടൻ പുനഃരാരംഭിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. നിലവിൽ സ്കൂൾ തുറന്ന് പ്രവർത്തിക്കൽ ദുഷ്ക്കരമാണെന്നും താൽക്കാലിക സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾക്ക് കൗൺസിലിങ് നടത്തുന്നുണ്ട്. പാഠപുസ്തകങ്ങളുടെ പ്രിൻ്റിങ് ആരംഭിച്ചിട്ടുണ്ട്. സർട്ടിഫിക്കറ്റുകൾ നഷ്ടമായവർക്ക് ലഭ്യമാക്കാനുള്ള കാര്യങ്ങൾ ചെയ്യും. ഇതിനായി മൂന്ന് ജില്ലകളിലെ ഉന്നത ഉദ്യോഗസ്ഥർക്ക് ചുമതല നൽകിയിട്ടുണ്ട്. തകർന്ന രണ്ട് സ്കൂളുകളും വിദ്യാഭ്യാസ വകുപ്പ് നിർമിക്കുമെന്നും ടൗൺ ഷിപ്പ് മാതൃകയിലായിരിക്കും നിർമാണമെന്നും മന്ത്രി പറഞ്ഞു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp