ഗ്രീഷ്മയുടെ ചിത്രങ്ങൾ ഷാരോണിന്റെ പക്കലുണ്ടായിരുന്നു; ആത്മഹത്യാ ഭീഷണി മുഴക്കിയിട്ടും ഡിലീറ്റ് ചെയ്തില്ല; ഈ വൈരാഗ്യമാണ് കൊലയിലേക്കെത്തിച്ചതെന്ന് മൊഴി

ഷാരോൺ രാജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി ഗ്രീഷ്മയുടെ മൊഴിയിലെ വിവരങ്ങൾ പുറത്ത്. ഷാരോണിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് വൈരാഗ്യമാണെന്നാണ് ഗ്രീഷ്മ മൊഴി നൽകിയിരിക്കുന്നത്. ഗ്രീഷ്മയുടെ ചില സ്വകാര്യ ചിത്രങ്ങളും ദ്യശ്യങ്ങളും ഷാരോണിന്റെ പക്കലുണ്ടായിരുന്നു. പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും വിഡിയോയും ഫോട്ടോയും ഷാരോൺ ഗ്രീഷ്മയ്ക്ക് നൽകിയില്ല, ഡിലീറ്റ് ചെയ്തതുമില്ല. ഷാരോൺ ഇത് പ്രതിശ്രുത വരന് കൈമാറുമെന്ന് ഗ്രീഷ്മ ഭയന്നിരുന്നു. ഗ്രീഷ്മ പലതവണ ആത്മഹത്യ ഭീഷണി മുഴക്കിയിട്ടും ഷാരോൺ വഴങ്ങിയിരുന്നില്ല. ഈ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് ഗ്രീഷ്മയുടെ മൊഴി.

കൊലപാതകം ഒളിപ്പിക്കാനും നീക്കം നടത്തിയതായി ഗ്രീഷ്മ പൊലീസിനോട് പറഞ്ഞു. ഷാരോണിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച വിഷകുപ്പി പറമ്പിൽ ഉപേക്ഷിച്ചുവെന്നും, പെരുമാറ്റത്തിൽ ശ്രദ്ധ പുലർത്തിയെന്നും ഗ്രീഷ്മ വ്യക്തമാക്കി. പോലീസിൽ നിന്ന് രക്ഷപെടാൻ പരമാവധി ശ്രമിച്ചു. ചോദ്യം ചെയ്യൽ നേരിടാൻ ഗൂഗിളിൽ തിരഞ്ഞെന്നും ഗ്രീഷ്മ മൊഴി നൽകി.

തിരുവനന്തപുരം പാറശാലയിൽ ഷാരോണിന്റെ കൊലപാതകത്തിൽ പ്രതി ഗ്രീഷ്മ കുറ്റം സമ്മതിച്ചത് ഇന്നലെയാണ്. നിലവിൽ കേസിൽ ഗ്രീഷ്മ മാത്രമാണ് പ്രതി. ശാസ്ത്രീയമായ തെളിവുകൾ ഇനിയും ശേഖരിക്കേണ്ടതുണ്ട്. ഇന്നലെ 7 മണിക്കൂറോളം ഗ്രീഷ്മയെ ചോദ്യം ചെയ്തു. ഷാരോണിനെ ഒഴിവാക്കാൻ ജാതക ദോഷമുണ്ടെന്ന് ഗ്രീഷ്മ കള്ളം പറയുകയായിരുന്നുവെന്ന് എഡിജിപി എം ആർ അജിത് കുമാർ പറഞ്ഞു.

‘ഷാരോണും ഗ്രീഷ്മയും തമ്മിൽ പ്രണയത്തിലായിരുന്നു. ഇതിനിടെ ഗ്രീഷ്മയ്ക്ക് വീട്ടുകാർ മറ്റൊരു വിവാഹത്തിന് ആലോചിച്ചു. ഇതോടെ ഷാരോണുമായുള്ള ബന്ധം ഒഴിവാക്കാനാണ് കുറ്റം ചെയ്തതെന്നാണ് ഗ്രീഷ്മ മൊഴിയിൽ സമ്മതിചിച്ചിട്ടുള്ളത്. ഷാരോണിനെ വീട്ടിൽ വിളിച്ചുവരുത്തി, കീടനാശിനി കഷായത്തിൽ കലർത്തിയാണ് നൽകിയത്. അവിടെ വച്ച് തന്നെ ഷാരോൺ ഛർദിച്ചു. ശേഷം മടങ്ങിയെന്നും ഗ്രീഷ്മ പറയുന്നു. ഷാരോണിലെ കൊലപ്പെടുത്തണമെന്ന ഉദ്ദേശം തന്നെയായിരുന്നു ഗ്രീഷ്മയ്ക്ക്. യുവാവിനെ വീട്ടിൽ വിളിച്ചുവരുത്തിയതും ഇതിന്റെ ഭാഗമായാണ്’.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp