സാംസങ്ങിന്റെ അടുത്ത തലമുറ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണായ ഗാലക്സി എസ്23 അൾട്രയിൽ (Samsung Galaxy S23 Ultra) ഉണ്ടായിരിക്കുക അതിശയിപ്പിക്കുന്ന സവിശേഷതകൾ. ഈ ഡിവൈസുമായി ബന്ധപ്പെട്ട നിരവധി ലീക്ക് റിപ്പോർട്ടുകളും മറ്റും ഇതിനകം തന്നെ പുറത്ത് വന്നിട്ടുണ്ട്. ഡിവൈസിന്റെ ക്യാമറ സാമ്പിളും പ്രോട്ടോടൈപ്പും ലീക്ക്സ്റ്റർ ഐസ് യൂണിവേഴ്സ് പുറത്ത് വിട്ടിട്ടുണ്ട്. ഐഫോണുകളെ പോലും വെല്ലുന്ന വിധത്തിലുള്ള ക്യാമറ ഫീച്ചറുകളുമായിട്ടായിരിക്കും ഈ ഡിവൈസ് പുറത്തിറങ്ങുക എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ.
സാംസങ് ഗാലക്സി എസ്23 സീരീസ് അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കുന്ന ഗാലക്സി അൺപായ്ക്ക്ഡ് ഇവന്റിൽ വച്ച് പുറത്തിറക്കുമെന്നും സൂചനകളുണ്ട്. ഈ സീരീസിൽ ഗാലക്സി എസ്22യിൽ ഉണ്ടായിരുന്നത് പോലെ മൂന്ന് ഡിവൈസുകളായിരിക്കും ഉണ്ടായിരിക്കുക. ഗാലക്സി എസ്23, ഗാലക്സി എസ്23 പ്ലസ്, ഗാലക്സി എസ്23 അൾട്ര എന്നിവയായിരിക്കും ഈ ഡിവൈസുകൾ. ഈ ഡിവൈസിന്റെ ലോഞ്ച് അടുത്തവർഷമാണ് എന്നതിനാൽ മുഴുവൻ ഫീച്ചറുകളുടെ കാര്യത്തിലും ഇപ്പോൾ വ്യക്തത തന്നിട്ടില്ല. ക്യാമറയുടെ കാര്യത്തിൽ ഗാലക്സി എസ്22 അൾട്രയെക്കാൾ മികച്ചതായിരിക്കും എസ്23 അൾട്ര.
സാംസങ് തന്നെ വികസിപ്പിച്ച 200 എംപി ക്യാമറ സെൻസറുമായിട്ടായിരിക്കും പുതിയ ഗാലക്സി എസ്23 സ്മാർട്ട്ഫോൺ വരുന്നത്. ഈ സെൻസർ പായ്ക്ക് ചെയ്യുന്ന ആദ്യത്തെ ഡിവൈസ് ആയിരിക്കും ഇത്. ഇതിനകം പുറത്തിറങ്ങിയിട്ടുള്ള 200MP ISOCELL സെൻസറുകളായിരിക്കില്ല ഇതെന്നും സൂചനകളുണ്ട്. ഗാലക്സി എസ്23 പുതിയ ഡിസൈനിലുള്ള സെൻസർ ഉപയോഗിക്കുമെന്നും ലീക്ക് റിപ്പോർട്ടിൽ പറയുന്നു. ഈ ക്യാമറ സെറ്റപ്പ് 12.5 എംപി, 200 എംപി മോഡുകൾക്ക് പകരം 50 എംപി മോഡ് സപ്പോർട്ട് ചെയ്യുമെന്നും സൂചനകളുണ്ട്.
ലീക്ക് റിപ്പോർട്ട് നൽകുന്ന സൂചനകൾ അനുസരിച്ച് സാംസങ് ഗാലക്സി എസ്23 അൾട്രയിൽ ഗാലക്സി എസ്22 അൾട്ര സ്മാർട്ട്ഫോണിലുള്ള അതേ മോഡലിൽ ടെലിഫോട്ടോ ക്യാമറ തന്നെയായിരിക്കും ഉണ്ടായിരിക്കുക. പക്ഷേ, മെച്ചപ്പെട്ട ഇമേജ് ക്വാളിറ്റി നൽകുന്ന രീതിയിലുള്ള ഇമേജ് പ്രോസസിങ് ഈ ക്യാമറ സെറ്റപ്പിൽ കമ്പനി കൊണ്ടുവരും. ടെലിഫോട്ടോ ക്യാമറയുടെ മികവ് തന്നെയാണ് ഗാലക്സി എസ്22 അൾട്രയെ വിപണിയിലെ താരമാക്കിയത്. ഈ ക്യാമറ കൂടുതൽ മെച്ചപ്പെടുത്തലുകളോടെ എത്തിയാൽ അത് ഏറ്റവും പുതിയ ഐഫോണുകൾക്ക് പോലും വെല്ലുവിളിയാകും.
ഗാലക്സി എസ്23 അൾട്രയിലെ ക്യാമറ ഉപയോഗിച്ച് എടുത്ത ഫോട്ടോ എന്ന് അവകാശപ്പെടുന്ന ഫോട്ടോകളിൽ മുൻതലമുറ ഡിവൈസിലൂടെ ലഭിക്കുന്ന ഫോട്ടോകളെക്കാൾ മികച്ച ക്വാളിറ്റിയാണുള്ളത്. ലോഞ്ച് ചെയ്യാനിരിക്കുന്ന ഫോണിൽ ഷാർപ്പ് ആയ ഫോട്ടോകൾ എടുക്കാൻ സാധിക്കും. മികച്ച ഫോട്ടോകൾ ക്യാപ്ച്ചർ ചെയ്യാനായി എഐ എൻഹാൻസ്ഡ് ഫീച്ചറുകൾ പുതിയ ഡിവൈസിൽ നൽകുമെന്നും സൂചനകൾ ഉണ്ട്.
ക്യാമറയ്ക്ക് പുറമേ പുറത്ത് വന്ന റിപ്പോർട്ടുകളിലെ ബെഞ്ച്മാർക്ക് സ്കോറുകൾ നോക്കിയാൽ, ആപ്പിൾ ഐഫോൺ 14 പ്രോയ്ക്ക് തുല്യമായ ഡിവൈസാണ് ഗാലക്സി എസ്23 അൾട്ര എന്ന് വ്യക്തമാകും. പെർഫോമൻസിലും മറ്റും ആൻഡ്രോയിഡ് ഡിവൈസുകളിൽ വച്ച് ഏറ്റവും മികച്ചതായിരിക്കും ഗാലക്സി എസ്23 അൾട്ര എന്ന് ഉറപ്പാണ്. ഫോണുമായി ബന്ധപ്പെട്ട കൂടുതൽ റിപ്പോർട്ടുകൾ വൈകാതെ പുറത്ത് വരും.