ഇന്ത്യയുടെ ഇന്ധന ഇറക്കുമതി വർധിച്ചു; ആ​ഗോള ഇന്ധനവില അറിയാം.

ഡോളർ കരുത്താർജിക്കുന്നതനുസരിച്ച് ഇന്ധനവില താഴുന്ന പ്രവണതയാണ് ഇപ്പോഴുള്ളത്.

കഴിഞ്ഞ ഏപ്രിൽ-സെപ്തംബർ ക്വാർട്ടറിൽ, ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി 76% ഉയർന്ന് 90.3 ബില്യൺ ഡോളറായതായി റിപ്പോർട്ടുകൾ. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ആകെ ഇറക്കുമതി 15% വർധിച്ച് 116.6 മില്യൺ ടണ്ണായി. കഴിഞ്ഞ വർഷം സെപ്തംബറിൽ ഇന്ത്യ 9.3 ബില്യൺ ഡോളറിന്റെ ഇറക്കുമതിയാണ് നടത്തിയതെങ്കിൽ ഈ വർഷം സെപ്തംബറിൽ അത് 12.8 ബില്യൺ ഡോളറായി മാറി. എന്നാൽ കഴിഞ്ഞ വർഷം സെപ്തബറിൽ 17.5 മില്യൺ ടൺ ഇറക്കുമതി ചെയ്ത സ്ഥാനത്ത് ഈ വർഷം സെപ്തംബറിൽ 17.6 മില്യൺ ടൺ എന്ന ചെറിയ വർധനയാണുള്ളത്. ഇന്ധന വില വർധിച്ചതാണ് തുക വർധിക്കാൻ കാരണമെന്ന് വ്യക്തം.

യുഎസിലെ ഭീമൻ ഓയിൽ കമ്പനിയായ ചെവ്റോൺ, തങ്ങളുടെ ഇതു വരെയുള്ളതിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ ക്വാർട്ടർ ‍അടിസ്ഥാനത്തിലുള്ള ലാഭം നേടി.

ഡോളറിനെതിരെ റെക്കോർഡ് നിലവാരത്തിലേക്കാണ് രൂപ കഴിഞ്ഞ ദിവസം കൂപ്പുകുത്തിയത്. നിലവിൽ, ഈ ലേഖനം തയ്യാറാക്കുമ്പോൾ ഡോളറിനെതിരെ 82.26 എന്ന നിലയിൽ നേരിയ വർധനവിലാണ് രൂപയുടെ വിനിമയം നടക്കുന്നത്.

ക്രൂഡ് ഓയിൽ വില

ക്രൂഡ് ഓയിൽ വിലയിൽ കഴിഞ്ഞ വ്യാപാര ദിവസം ക്ലോസ് ചെയ്ത വിലയേക്കാള്‍ ഇടിവ്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ, ബാരലിന് 95.24 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.

ഉയരുന്ന പണപ്പെരുപ്പത്തെ നേരിടുന്നതിനായി കഴിഞ്ഞ മെയ് 21 നാണ് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ നികുതി ഇളവുകൾ പ്രഖ്യാപിച്ചത്. എക്സൈസ് തീരുവ കുറച്ചതോടെ പെട്രോൾ ലിറ്ററിന് എട്ട് രൂപയും, ഡീസൽ ലിറ്ററിന് ആറ് രൂപയും കുറഞ്ഞിരുന്നു. ഇതോടെ പെട്രോൾ ലിറ്ററിന് 9.50 രൂപ, ഡീസൽ ലിറ്ററിന് ഏഴു രൂപ എന്ന തോതിൽ വില കുറഞ്ഞിരുന്നു.

ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) എന്നിവയുൾപ്പെടെ പൊതുമേഖലാ ഒഎംസികൾ അന്താരാഷ്‌ട്ര ബെഞ്ച്മാർക്ക് വിലകൾക്കും വിദേശ വിനിമയ നിരക്കുകൾക്കും അനുസൃതമായിട്ടാണ് ഇന്ധനവില എല്ലാ ദിവസവും പരിഷ്കരിക്കുന്നത്.

ഇന്ധനവില വർധിച്ചതിനെ തുടർന്ന് കേന്ദ്രത്തിനു പിന്നാലെ കേരളത്തിൽ സർക്കാരും ഇന്ധന നികുതി കുറച്ചിരുന്നു. പെട്രോൾ ടാക്സ് 2.41 രൂപയും, ഡീസലിന് 1.36 രൂപയുമാണ് കുറച്ചത്. ഇതോടെ സംസ്ഥാനത്ത് പെട്രോൾ ലിറ്ററിന് 10.52 രൂപയും, ഡീസൽ ലിറ്ററിന് 7.40 രൂപയും കുറഞ്ഞിരുന്നു.

പ്രധാന നഗരങ്ങളിലെ ഇന്ധനവില

കഴിഞ്ഞ ഏതാനും നാളുകളായി രാജ്യത്തെ പെട്രോൾ വിലയിൽ മാറ്റമില്ല. ന്യൂഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 96.72 രൂപയാണ് പുതുക്കിയ വില. ഡീസൽ ലിറ്ററിന് 89.62 രൂപയിൽ വിൽപ്പന നടത്തുന്നു. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 106.31 രൂപയും ഡീസൽ ലിറ്ററിന് 94.27 രൂപയുമാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 107.41 രൂപയും ഡീസൽ ലിറ്ററിന് 96.52 രൂപയുമാണ് വില. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 105.70 രൂപയാണ് വില. ഡീസൽ ലിറ്ററിന് 92.64 രൂപയാണ് വില. കോഴിക്കോട് ഒരു ലിറ്റർ പെട്രോളിന് ഇന്ന് 105.89 രൂപയും ഡീസലിന് 96.52 രൂപയുമാണ് വില നിലവാരം.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp