മലയാള ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഇന്ന് പുറത്ത് വിട്ടേക്കും. റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് നിയമതടസങ്ങളില്ലെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങള്‍ പുറത്തുവിടരുതെന്ന നടി രഞ്ജിനിയുടെ അപ്പീലില്‍ ഇടക്കാല ഉത്തരവ് വന്നിട്ടില്ലാത്തതിനാല്‍ മറ്റ് തടസങ്ങളില്ലെന്നാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. അഞ്ചുവര്‍ഷത്തിന് ശേഷമാണ് റിപ്പോര്‍ട്ട് വെളിച്ചം കാണുന്നത്. വിവരാവകാശ കമ്മീഷന്‍ ഉത്തരവ് അനുസരിച്ച് വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങള്‍ ഒഴിവാക്കിയാണ് റിപ്പോര്‍ട്ട് പുറത്തുവിടുക.
2017 ഫെബ്രുവരി 17ന് നടി ആക്രമിക്കപ്പെട്ടതാണ് ഹേമ കമ്മിറ്റി രൂപീകരണത്തിലേക്ക് എത്തിച്ചത്. അതേ വര്‍ഷം ജൂലൈ ഒന്നിന് ഹേമ കമ്മിറ്റി നിലവില്‍ വന്നു. സിനിമാ മേഖലയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് ആറുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നായിരുന്നു ആവശ്യം. രണ്ടുവര്‍ഷത്തിനുശേഷം 2019 ഡിസംബര്‍ 31നാണ് കമ്മറ്റി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറിയത്. പിന്നീട് റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യം ശക്തമായി. അനുകൂല തീരുമാനമായിരുന്നില്ല സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. വിഷയം കോടതി കയറി. റിപ്പോര്‍ട്ട് പഠിക്കാനുള്ള സാവകാശം വേണമെന്ന് സര്‍ക്കാര്‍ വാദിച്ചു. സ്വകാര്യതയെ ഹനിക്കുന്ന വിവരങ്ങള്‍ ഉള്ളതിനാല്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ ആകില്ലെന്ന് സര്‍ക്കാര്‍ നിലപാടില്‍ ഉറച്ചുനിന്നു. ഒടുവില്‍ വിവരാവകാശ കമ്മീഷണര്‍ എ. അബ്ദുല്‍ ഹക്കീം റിപ്പോര്‍ട്ട് പുറത്തുവിടാന്‍ ഉത്തരവിട്ടു. വിലക്കപ്പെട്ട വിവരങ്ങള്‍ ഉള്ളതിനാല്‍ ഒരു റിപ്പോര്‍ട്ട് പൂര്‍ണമായും രഹസ്യമായി വെക്കരുതെന്ന് മുന്‍വിധിന്യായങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഉത്തരവ്.
ജൂലൈ 24ന് റിപ്പോര്‍ട്ട് പുറത്തു വിടാന്‍ ഇരിക്കെ സിനിമാ നിര്‍മാതാവ് സജിമോന്‍ പാറയിലിന്റെ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നത് പിന്നെയും വൈകി. ഹര്‍ജി ഹൈക്കോടതി തള്ളിയതോടെയാണ് റിപ്പോര്‍ട്ട് പുറംലോകം കാണാന്‍ ഒരുങ്ങുന്നത്. 295 പേജുകള്‍ ഉള്ള റിപ്പോര്‍ട്ടിലെ 62 പേജുകള്‍ ഒഴിവാക്കിയാകും റിപ്പോര്‍ട്ട് പുറത്തുവിടുന്നത്. നേരത്തെ പരസ്യമാക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ചിരുന്ന ഭാഗങ്ങള്‍ തന്നെയാണ് ഒഴിവാക്കുക. പേജ് നമ്പര്‍ 49 ലെ ചില ഭാഗങ്ങള്‍, 81 മുതല്‍ 100 വരെയുള്ള പേജുകളിലെ ചില മൊഴികള്‍, സ്വകാര്യതയെ ബാധിക്കുന്ന മറ്റു കാര്യങ്ങള്‍ എന്നിവ ഒഴിവാക്കും. ഒഴിവാക്കുന്ന പേജുകള്‍ നേരത്തെ നിയമവകുപ്പും പരിശോധിച്ചിരുന്നു. നടിമാരും സാങ്കേതിക പ്രവര്‍ത്തകരും നല്‍കിയ മൊഴികളാണ് ഒഴിവാക്കുന്നവയില്‍ ഭൂരിഭാഗവും. സര്‍ക്കാരിനോട് ആവശ്യപ്പെട്ട 5 മാധ്യമപ്രവര്‍ത്തകര്‍ക്കാണ് റിപ്പോര്‍ട്ട് നല്‍കുക.