ഗുജറാത്തില്‍ തകര്‍ന്നുവീണ പാലം വീണ്ടും തുറന്നത് 4 ദിവസം മുമ്പ്; മരണസംഖ്യ ഉയരുന്നു

അഹമ്മദാബാദ്: ഗുജറാത്തില്‍ നദിക് കുറുകെയുള്ള തൂക്കുപാലം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 90 ആയി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മോര്‍ബിയിലെ മച്ഛു നദിക്ക് കുറുകെയുള്ള പാലമാണ് തകര്‍ന്നുവീണത്. അപകടം നടക്കുമ്പോള്‍ അഞ്ഞൂറിലധികം ആളുകള്‍ പാലത്തില്‍ ഉണ്ടായിരുന്നുവെന്നാണ് നിഗമനം. നൂറോളം പേര്‍ നദിയിലേക്ക് വീണു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മിക്കപ്പെട്ട തൂക്കുപാലം ഏറെ പ്രസിദ്ധമാണ്. പുനരുദ്ധാരണത്തിന് ശേഷം 4 ദിവസങ്ങള്‍ക്ക് മുമ്പാണ് പാലം വീണ്ടും യാത്രക്കാര്‍ക്കായി തുറന്നുകൊടുത്തത്. എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല, അപകടം ഞെട്ടിച്ചിരിക്കുകയാണ്. കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഗുജറാത്ത് തൊഴില്‍ വകുപ്പ് മന്ത്രി ബ്രിജേഷ് മേര്‍ജ വ്യക്തമാക്കി. നിരവധി പേര്‍ തകര്‍ന്ന പാലത്തിന്റെ കേബിളുകളില്‍ പിടിച്ച് തൂങ്ങി കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ച് സംസാരിച്ചു. ആഭ്യന്തരവകുപ്പ് മന്ത്രി ഹര്‍ഷ് സാംഗ്വി മോര്‍ബിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 2 ലക്ഷം രൂപവീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. പരുക്കേറ്റവര്‍ക്ക് 50000 രൂപ വീതവും നല്‍കും. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 4 ലക്ഷം രൂപവീതവും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp