‘ഞാൻ നിങ്ങളെ കൊന്നൂ, സോറി അമ്മേ’; കൊലപാതകത്തിന് ശേഷം ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയിട്ട മകൻ അറസ്റ്റിൽ

ഗുജറാത്ത് രാജ്കോട്ടിൽ അമ്മയെ കൊലപ്പെടുത്തിയ മകൻ പൊലീസ് കസ്റ്റഡിയിൽ. 22 കാരനായ നിലേഷാണ് അറസ്റ്റിലായത്. മാനസിക വെല്ലുവിളി നേടുന്ന അമ്മയെ ഇയാൾ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാജ്‌കോട്ടിലെ യൂണിവേഴ്‌സിറ്റി റോഡിലെ ഭഗത്‌സിൻഹ്‌ജി ഗാർഡനിലാണ് സംഭവം. ചോദ്യം ചെയ്യലിൽ യുവാവായ നിലേഷ് കൊലകുറ്റം സമ്മതിച്ചു. ആദ്യം കത്തി ഉപയോഗിച്ച് അമ്മ ജ്യോതിബെന്നിനെ ആക്രമിച്ച യുവാവ് പിന്നീട് പുതപ്പുപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു.കുറ്റം ചെയ്തതിന് ശേഷം, പ്രതി ‘സോറി അമ്മേ.. നിങ്ങളെ ഞാൻ കൊല്ലുന്നു, ഞാൻ നിങ്ങളെ മിസ്സ് ചെയ്യും, ഓം ശാന്തി’ എന്ന അടിക്കുറിപ്പോടെ അമ്മയുടെ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ജ്യോതിബെൻ വർഷങ്ങളായി കടുത്ത മാനസിക വെല്ലുവിളി നേരിടുന്നുണ്ടെന്നും മകനുമായി വഴക്ക് പതിവാണെന്നും ഇതിൽ മനം മടുത്താണ് കൊലപാതകമെന്നും പൊലീസ് പ്രാഥമിക അന്വേഷണത്തിൽ പറഞ്ഞു. ഫാക്ടറി തൊഴിലാളിയായി ജോലിചെയ്തു വരികയായിരുന്നു നിലേഷ്.ഇരുപത് വർഷങ്ങൾക്ക് മുമ്പ് ജ്യോതിബെൻ വിവാഹബന്ധം വേർപ്പെടുത്തിയതാണ്. ശേഷം കടുത്ത മാനസികരോഗത്തിന് അടിമയായ ജ്യോതിബെൻ സ്ഥിരമായി മരുന്ന് കഴിച്ചിരുന്നു, ഒരു മാസത്തിന് മുമ്പ് മരുന്ന് കഴിക്കൽ നിർത്തിയതോടെ വീണ്ടും മാനസിക സ്ഥിതി വഷളായെന്നും സ്ഥിരമായ വഴക്ക് കൊലപാതകത്തിൽ കലാശിച്ചെന്നും പൊലീസ് പറഞ്ഞു. നിലേഷ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്, സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

രാത്രിയും പകലും അമ്മ തന്നെ മർദിക്കുമെന്നും സമാധാനമായി ഉറങ്ങാൻ അനുവദിക്കില്ലെന്നും നിലേഷ് പൊലീസിൽ മൊഴി നൽകി. അമ്മ അക്രമാസക്തയായി സ്വന്തം വസ്ത്രങ്ങൾ കീറുന്നത് പതിവായിരുന്നുവെന്നും അറസ്റ്റിലായ യുവാവ് പറയുന്നു. വ്യാഴാഴ്ച രാവിലെ അമ്മ ഈ അവസ്ഥ തന്നെ തുടർന്നിരുന്നുവെന്നും നിയന്ത്രണം നഷ്ടപ്പെട്ട നിമിഷത്തിൽ കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നുവെന്നും നിലേഷ് പറയുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp