AMMA 20,000 രൂപ മാത്രം; കൊച്ചിയിലെ ‘അമ്മ’ ഓഫീസ് OLXൽ വിൽപനയ്ക്ക് വച്ച് വിരുതൻ

താരസംഘടനയായ ‘അമ്മ’യുടെ ഭാരവാഹികൾക്കെതിരെ വരെ ലൈംഗികാതിക്രമ പരാതി ഉയർന്നതിന് പിന്നാലെ സംഘടനയുടെ ഭരണസമിതി ഒന്നടങ്കം രാജിവച്ചിരുന്നു. ഇപ്പോഴിതാ കൊച്ചി ഇടപ്പള്ളിയിലെ അമ്മ ആസ്ഥാന ഓഫീസ് ഏതോ വിരുതന്മാർ വിൽപനയ്‌ക്ക് വച്ചിരിക്കുകയാണ്.

ഓൺലൈൻ വിൽപന സൈറ്റായ ഒഎൽ‌എക്‌സിൽ വെറും 20,​000 രൂപയ്‌ക്കാണ് ‘അർജന്റ് സെയിൽ’ എന്ന് നൽകി ഓഫീസിന്റെ ചിത്രങ്ങൾ പോസ്‌റ്റ് ചെയ്‌തത്. 20,​000 ചതുരശ്ര അടിയുള്ള കെട്ടിടത്തിൽ പത്ത് വാഷ്‌റൂമുണ്ടെന്നും റെഡി ടു മൂവ് ആണ് എന്നും നൽകിയിരിക്കുന്നു.

മുട്ടലുകൾ കാരണം കതകുകൾക്ക് ബലക്കുറവുണ്ടെന്നും വിവരണത്തില്‍ നൽകിയിട്ടുണ്ട്. മൂന്ന്-നാല് ദിവസങ്ങൾക്കകം വിൽപന പൂർത്തീകരിക്കണമെന്നും നൽകിയിട്ടുണ്ട്. ആരാണ് പരസ്യം നൽകിയതെന്ന കാര്യം വ്യക്തമല്ല.

അമ്മയ്ക്ക് പിന്നാലെ ചലച്ചിത്ര പ്രവർത്തകരുടെ സംഘടനയായ ‘ഫെഫ്‌ക’യിലും പൊട്ടിത്തെറി ഉണ്ടായി. സംഘടനക്കെതിരെ രൂക്ഷവിമർശനമുയർത്തിയാണ് സംവിധായകൻ ആഷിഖ് അബു രാജി സമർപ്പിച്ചത്. നിലപാടിന്റെ കാര്യത്തിൽ തികഞ്ഞ കാപട്യം പുലർത്തുന്ന നേതൃത്വത്തോട് അതിശക്തമായി വിയോജിച്ചുകൊണ്ടും പ്രതിഷേധിച്ചുകൊണ്ടുമാണ് ഫെഫ്ക പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവക്കുന്നതെന്ന് ആഷിക് അബു പറയുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp