ചോരക്കുഞ്ഞിനെ കൊന്നത് മൂക്കുംവായും പൊത്തി ശ്വാസംമുട്ടിച്ച്; ഗർഭിണിയായത് ഭർത്താവിന് അറിയാമായിരുന്നു

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് അഞ്ചുദിവസം പ്രായമായ ആണ്‍കുഞ്ഞിനെ അമ്മയുടെ കാമുകന്‍ കൊന്നത് മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ച്. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നതു സംബന്ധിച്ച് വിശദമായി അന്വേഷിക്കുമെന്ന് ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രന്‍ അറിയിച്ചു.

സംഭവത്തില്‍ ചേന്നംപള്ളിപ്പുറം പല്ലുവേലി കായിപ്പുറം വീട്ടില്‍ ആശയും (35), കാമുകന്‍ പല്ലുവേലി പണിക്കാശ്ശേരി റോഡില്‍ രാജേഷ് ഭവനത്തില്‍ രതീഷും (38) അറസ്റ്റിലായിരുന്നു. ഇവരെ ചേര്‍ത്തല ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) റിമാന്‍ഡു ചെയ്തു. കൊലക്കുറ്റത്തിനാണു കേസ്. കുട്ടികള്‍ക്കുനേരേയുള്ള അതിക്രമവുമായി ബന്ധപ്പെട്ട വകുപ്പുകളും ബാലനീതി നിയമപ്രകാരവും കേസുണ്ട്.

ആശയാണ് ഒന്നാംപ്രതി. ഇവരെ കൊട്ടാരക്കര വനിതാജയിലിലേക്കും രതീഷിനെ ആലപ്പുഴ ജില്ലാ ജയിലിലേക്കും മാറ്റി. തെളിവെടുപ്പിനായി ഇവരെ കസ്റ്റഡിയില്‍ വാങ്ങാന്‍ നടപടി തുടങ്ങി.

യുവതി ഗര്‍ഭിണിയായതും പ്രസവിച്ചതും ഭര്‍ത്താവിന് അറിയാമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രസവശേഷം കുഞ്ഞുമായി വരാന്‍ പാടില്ലെന്ന ഭര്‍ത്താവിന്റെ നിബന്ധനയാണ് ക്രൂരമായ കൊലപാതകത്തിലേക്കു നയിച്ചത്.

കുട്ടിയെ ഏതുവിധേനയും ഒഴിവാക്കാന്‍ ആശ കാമുകനെ ഏല്‍പ്പിക്കുകയായിരുന്നു. പ്രസവിച്ച ആശുപത്രിയില്‍നിന്ന് കുഞ്ഞിനെ ബിഗ്‌ഷോപ്പറിലാണ് രതീഷ് വീട്ടിലേക്കു കൊണ്ടുപോയത്. ജോലിക്കു പോയ അയാളുടെ ഭാര്യ വരുംമുന്‍പ് കുഞ്ഞിനെക്കൊന്ന് ശൗചാലയത്തിനു സമീപം കുഴിച്ചിടുകയായിരുന്നു.

ഇതിനിടെ, കുഞ്ഞിനെ കാണാനില്ലെന്ന വിവരം ദൃശ്യ-സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചു. ഇതോടെയാണ് മൃതദേഹം കത്തിച്ചുകളയാനായി രതീഷ് പുറത്തെടുത്ത് ശൗചാലയത്തില്‍ കിടത്തിയത്. അപ്പോഴേക്കും പോലീസ് വലവിരിച്ചിരുന്നു. തന്ത്രപൂര്‍വം ഇയാളെ വിളിച്ചുവരുത്തി കസ്റ്റഡിയിലെടുത്തു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp