കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് വ്യവസായി മുഹമ്മദ് ആട്ടൂരിന്റെ തിരോധന കേസ് സിബിഐയ്ക്കു വിടും. ബന്ധുക്കളുടെ അവശ്യപ്രകാരം അന്വേഷണ സംഘം പൊലീസ് മേധാവിക്ക് ശുപാർശ നൽകി. സിബിഐക്ക് അന്വേഷണം വിടാനുള്ള റിപ്പോർട്ട് കോഴിക്കോട് കമ്മീഷണർ ഡിജിപിക്ക് കൈമാറി. കോഴിക്കോട് കമ്മീഷണർ ടി നാരായണൻ ആണ് ഡിജിപിക്കു സിബിഐ അന്വേഷണ ശുപാർശ അയച്ചത്.
മുഹമ്മദ് ആട്ടൂരിന്റെ ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് റിപ്പോർട്ട്. കേസ് അന്വേഷണത്തിന്റെ നിർണായക ഘട്ടത്തിലാണ് സിബിഐക്ക് വിടുന്നത്. മുഹമ്മദ് ആട്ടൂരിനെ കാണാതായിട്ട് ഒരു വർഷത്തോട് അടുത്തിരിക്കുകയാണ്. കഴിഞ്ഞ ഓഗസ്റ്റ് 21ന് രാത്രി ഏഴുമണിക്ക് അരയിടത്തുപാലം ഓഫീസിൽ നിന്ന് വീട്ടിലേക്ക് പോവനായി ഇറങ്ങിയതാണ് മാമി എന്ന മുഹമ്മദ് ആട്ടൂർ. ഇതിന് ശേഷം ഇദ്ദേഹത്തെ ആരും കണ്ടിട്ടില്ല. അന്വേഷണം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി രംഗത്തെത്തയിരുന്നു.
മുഹമ്മദിന്റെ സുഹൃത്തുക്കൾ ചേർന്ന് സുലൈമാൻ കാരാടൻ ചചെയർമാനായി ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചിരുന്നത്. 22ന് ഉച്ചവരെ ഇദ്ദേഹത്തിന്റെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ തലക്കുളത്തൂർ, അത്തോളി, പറമ്പത്ത് ഭാഗത്താണ്. ഇവിടങ്ങളിൽ പരിശോധന നടത്തിയിട്ടും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും സൂചനകളൊന്നും ലഭിച്ചില്ലായിരുന്നു.