വയനാട് ഉരുള്‍പൊട്ടൽ ദുരന്തത്തിൽ മുന്നറിയിപ്പുകള്‍ അവഗണിച്ചുവെന്ന് അമിക്വസ് ക്യൂറി റിപ്പോര്‍ട്ട്. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട നിര്‍ണായക റിപ്പോര്‍ട്ട് അമിക്വസ് ക്യൂറി ഹൈക്കോടതിയിൽ സമര്‍പ്പിച്ചു. വയനാട്ടിൽ അഞ്ച് വർഷത്തേക്ക് കാലാവസ്ഥ വ്യതിയാനം ഉണ്ടാകുമെന്ന് 2019 ലെ ഡിസാസ്റ്റർ മാനേജ്മെൻ്റ് പ്ലാനിൽ പറഞ്ഞിരുന്നുവെന്നും വയനാട്ടിലെ 29 വില്ലേജുകൾ പ്രശ്ന ബാധിത പ്രദേശമാണെന്നും റിപ്പോര്‍ട്ടിലുണ്ടെന്നും അമിക്വസ് ക്യൂറിയുടെ റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്.വയനാട്ടിൽ ആവശ്യമായ മുൻകരുതല്‍ എടുക്കാത്തതിനാലാണ് വലിയ ദുരന്തമുണ്ടായത്. ഓറഞ്ച് ബുക്കിൽ ഉൾപ്പെട്ട പ്രദേശമായിരുന്നിട്ടും ശാസ്ത്രീയമായി മഴയുടെ തോത് കണ്ടെത്താനായില്ല. ജനങ്ങളെ മാറ്റി പാർപ്പിക്കാൻ സംവിധാനം ഇല്ലാത്തതാണ് ദുരന്തത്തിന്റെ ആഴം വർദ്ധിപ്പിച്ചതെന്നും റിപ്പോർട്ടിലുണ്ട്.ഇതേസമയം, മുണ്ടക്കൈ– ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്തു മഴ കനത്താൽ വീണ്ടും ഉരുൾപൊട്ടലുണ്ടാകാമെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിലെ (ഐസർ-മൊഹാലി) ഗവേഷകരുടെ പഠന റിപ്പോർട്ട് ഉണ്ടായിരുന്നു. തുലാമഴ അതിശക്തമായി പെയ്താൽ പുഞ്ചിരിമട്ടത്തു ഇളകി നിൽക്കുന്ന പാറകളും മണ്ണും വീണ്ടും താഴേക്കു കുത്തിയൊലിച്ചേക്കാമെന്നു റിപ്പോർട്ടിൽ പറയുന്നു. അതിനാൽ മതിയായ മുൻകരുതൽ വേണമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്.
ഉരുൾപൊട്ടലിന്റെ പ്രഭവ സ്ഥാനത്ത് വലിയ പാറകൾ ഇളകി നിൽക്കുന്നുണ്ട്. അവിടുത്തെ മണ്ണ് ഉറച്ചിട്ടുമില്ല. വെള്ളരിപ്പാറമലയിൽ അതിശക്തമായ മഴ പെയ്താൽ, ഇതെല്ലാം താഴേക്ക് വീണ്ടും കുത്തിയൊലിക്കാം. പുഞ്ചിരിമട്ടത്തിന് തൊട്ടുമുകളിലായി കഴിഞ്ഞ ഉരുൾപൊട്ടലിൽ തെളിഞ്ഞുവന്ന വീതി കുറഞ്ഞ പാറയിടുക്കുണ്ട്. കുത്തിയൊലിച്ചെത്തിയ ഉരുൾ ഇവിടെ വന്ന് അടിയാം. ഒലിച്ചിറങ്ങി ശക്തി കുറഞ്ഞു അവസാനിക്കേണ്ടതിന് പകരം ഇത്തരം ഇടുക്കുകളിൽ ഉരുൾ അടിയുന്നത് ഭീഷണിയാണ്.നിമിഷനേരം കൊണ്ട് മർദം താങ്ങാതെ ഇവ അണക്കെട്ട് പൊട്ടുംപോലെ പൊട്ടിഒഴുകാമെന്നു ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. പുഞ്ചിരിമട്ടത്ത് 2019ൽ ഉണ്ടായ ഉരുൾപൊട്ടൽ അവശിഷ്ടങ്ങൾ ഇതേ നദീതടത്തിലുണ്ടായിരുന്നു. ഇതും കഴിഞ്ഞ ജൂലൈ 30നുണ്ടായ ഉരുൾപൊട്ടലിന്റെ ശക്തി കൂട്ടാൻ വഴിവച്ചിട്ടുണ്ടാകാം. ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘം ഇത്തരത്തിലൊരു വിലയിരുത്തൽ നേരത്തെ നടത്തിയിരുന്നു. മുണ്ടക്കൈ–ചൂരൽമലയിൽ ഉണ്ടായത് പെട്ടിമുടിയിൽ ഉണ്ടായതിനെക്കാൾ 35 ഇരട്ടി ശക്തമായ ഉരുൾപൊട്ടലാണ്.