സ്കൂളിലെ സൗജന്യ മെഡിക്കൽ ക്യാംപിൽ ലൈംഗികാതിക്രമം, 12 പെൺകുട്ടികളുടെ പരാതി, 28കാരനായ ഡോക്ടർ അറസ്റ്റിൽ

ചെന്നൈ: സർക്കാർ സ്കൂളിലെ സൗജന്യ മെഡിക്കൽ ക്യാംപിൽ ലൈംഗികാതിക്രമം നടത്തിയ ഡോക്ടർ അറസ്റ്റിൽ.12 പെൺകുട്ടികളുടെ പരാതിയിലാണ് 28കാരനായ ഡോക്ടറെ അറസ്റ്റ് ചെയ്തത്. തമിഴ്നാട് കോയമ്പത്തൂരിലാണ് നടുക്കുന്ന സംഭവമുണ്ടായത്. തമിഴ്നാട്ടിലെ  സ്കൂളുകളിൽ ലൈംഗികാതിക്രമ പരാതികൾ ഉണ്ടോയെന്ന് കുട്ടികൾക്കിടയിൽ പരിശോധിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പ് ജീവനക്കാർ കുട്ടികളുമായി സംവദിക്കണമെന്ന് ചീഫ് സെക്രട്ടറി നിർദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി കോയമ്പത്തൂർ ജില്ലയിലെ ഗ്രാമീണ മേഖലയിലുള്ള സർക്കാർ സ്കൂളിൽ വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച യോഗത്തിനൊടുവിലാണ് നടുക്കുന്ന വിവരം പുറത്തുവന്നത്. 

സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൌണ്ടേഷൻ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാംപിനിടെ ലൈംഗികാതിക്രമത്തിന് ഇരയായതായി പത്തിലേറെ പെൺകുട്ടികൾ വെളിപ്പെടുത്തി. ആറിനും പത്തിനുമിടയിലെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളാണ് പരാതിപ്പെട്ടത്. കുട്ടികളുടെ വെളിപ്പെടുത്തലിന് പിന്നാലെ കേസെടുത്ത പൊലീസ് തിരുപ്പത്തൂർ സ്വദേശിയായ ഡോക്ടർ ശരവണ മൂർത്തിയെ അറസ്റ്റ് ചെയ്തു. 28കാരനായ ഇയാളെ റിമാൻഡ് ചെയ്തിട്ടുണ്ട്.ലൈംഗികാതിക്രമ പരാതികളിൽ വിട്ടുവിഴ്ചയില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും  ഇഷ ഫൌണ്ടേഷൻ അറിയിച്ചു. 

അതേസമയം പ്രതിയുടെ ചിത്രം പുറത്തുവിടാൻ പൊലീസ് തയ്യാറാകുന്നില്ലെന്നും വിവരങ്ങൾ പങ്കുവയ്ക്കാൻ മടിക്കുന്നതിന് പിന്നിൽ ഉന്നത ഇടപെടലുണ്ടെന്നും  പ്രാദേശിക മാധ്യമപ്രവർത്തകർ ആരോപിച്ചു. സംസ്ഥാനത്തെ പല സ്കൂളുകളിലും ഫൌണ്ടേഷന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാംപുകൾ സംഘടിപ്പിച്ചിട്ടുണ്ട്.  

­

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp