ഉരുൾപൊട്ടലിൽ എല്ലാം നഷ്ടമായ ശ്രുതിയെ തേടി വീണ്ടും ദുരന്തം; അപകത്തിൽ പ്രതിശ്രുത വരൻ ജെൻസന്റെ പരിക്ക് ​ഗുരുതരം

കൽപ്പറ്റ: വയനാട് കല്‍പ്പറ്റ വെള്ളാരംകുന്നില്‍ അപകടത്തിൽപ്പെട്ട ജെൻസന്റെ പരിക്ക് ​ഗുരുതരമെന്ന് റിപ്പോർട്ട്. ഉരുള്‍പ്പൊട്ടലില്‍ ഉറ്റവർ നഷ്ടമായ ശ്രുതിയും പ്രതിശ്രുത വരൻ ജെൻസണും സഞ്ചരിച്ചിരുന്ന വാനാണ് അപകടത്തില്‍പ്പെട്ടത്. തലയ്ക്ക് പരിക്കേറ്റ ജെൻസന്‍റെ നില ഗുരുതരമാണ്.  ജെൻസന്‍ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. ശ്രുതിയേയും മറ്റ് കുടുംബാഗങ്ങളെയും കല്‍പ്പറ്റയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോർട്ട്.  ചൊവ്വാഴ്ച വൈകീട്ടാണ് ജെൻസണും ശ്രുതിയും സഞ്ചരിച്ചിരുന്ന വാൻ സ്വകാര്യബസുമായി കൂട്ടിയിടിച്ചത്. ഇവർ കോഴിക്കോട് ബന്ധു വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. വാനിന്‍റെ മുന്‍ഭാഗം തകർന്നു. ‌വാഹനത്തിന്‍റെ ഒരു ഭാഗം പൊളിച്ചാണ് വാനില്‍ ഉണ്ടായിരുന്ന കുടുംബാഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ പുറത്തെടുത്തത്. ബസില്‍ ഉണ്ടായിരുന്ന രണ്ട് പേര്‍ക്കും അപകടത്തില്‍ പരിക്കുണ്ട്. ചൂരല്‍മലയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ശ്രുതിയുടെ അച്ഛനും അമ്മയും അനിയത്തിയും മരിച്ചിരുന്നു. ജെൻസണുമായുള്ള വിവാഹനിശ്ചയത്തിനും പുതിയ വീടിന്‍റെ ഗൃഹപ്രവേശത്തിനും തൊട്ടുപിന്നാലെയായിരുന്നു ദുരന്തം.ഉരുള്‍പ്പൊട്ടലിനെ അതിജീവിച്ച് തിരിച്ചുവരുമ്പോഴാണ് വീണ്ടും ഒരു ദുരന്തത്തെ കൂടി ഇരുവർക്കും നേരിടേണ്ടി വരുന്നത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp