മുണ്ടക്കെ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരൻ ആയിരുന്ന ജെൻസൻറെ മൃതദേഹം രാവിലെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തും. തുടർന്ന് അമ്പലവയൽ ആണ്ടൂരിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം ആണ്ടൂർ നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ നടക്കും.മുണ്ടക്കൈ ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതി, പ്രതിശ്രുത വരൻ ജെൻസന്റെ തണലിൽ ജീവിതത്തിലേക്ക് മടങ്ങുകയായിരുന്നു. വാഹനാപകടത്തിന്റെ രൂപത്തിൽ ജെൻസനേയും മരണം കവരുമ്പോൾ ശ്രുതിയെ ആശ്വസിപ്പിക്കാൻ ആർക്കും വാക്കുകളില്ല. സന്തോഷങ്ങൾക്ക് മീതെ ആദ്യം ഉരുൾപൊട്ടലിന്റെ രൂപത്തിൽ ദുരന്തം വന്നുവീണപ്പോൾ ശ്രുതിയുടേയും ജെൻസന്റേയും വിവാഹം ഉറപ്പിച്ചിട്ട് ഒരുമാസമേ കഴിഞ്ഞിരുന്നുള്ളൂ. മാതാപിതാക്കളും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ 9 പേരെയാണ് ഉരുൾപൊട്ടലിൽ ശ്രുതിക്ക് നഷ്ടമായത്.ഉറ്റവരുടെ വേർപാടിൽ സങ്കടത്തിന്റെ നിലയില്ലാ കയത്തിലേക്ക് വീണുപോകുമായിരുന്ന ശ്രുതിയെ ജെൻസൻ അന്ന് ചേർത്തുപിടിച്ചു. ചൊവ്വാഴ്ച വൈകിട്ട് കോഴിക്കോട്–കൊല്ലഗൽ ദേശീയപാതയിൽ വെള്ളാരംകുന്നിനു സമീപം സ്വകാര്യ ബസും വാനും കൂട്ടിയിടിച്ച് വീണ്ടുമൊരു ദുരന്തം. തലക്ക് ഗുരുതരമായി പരുക്കേറ്റ ജെൻസനെയും മരണം കവർന്നു. വേദനകളെ ഉൾക്കൊണ്ട് ജീവിതത്തിലേക്ക് ശ്രുതി തിരിച്ചു കയറുമ്പോഴാണ് ജെൻസന്റെ വിയോഗം.