മലയാള സിനിമയിൽ പുതിയ സംഘടന; നേതൃത്വത്തിൽ ആഷിക് അബു, ലിജോ ജോസ് പെല്ലിശേരി

മലയാള സിനിമ മേഖലയിൽ പുതിയ സംഘടന. പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷൻ എന്നാണ് സംഘടനയുടെ പേര്. അസോസിയേഷൻ സിനിമ പ്രവർത്തകർക്ക് കത്ത് നൽകി. ആഷിക് അബു, അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശേരി, റിമ കല്ലിങ്കൽ,രാജീവ് രവി എന്നിവരാണ് നേതൃനിരയിൽ ഉള്ളത്.പുതിയ സംസ്കാരം രൂപീകരിക്കുമെന്ന് സംഘടന വ്യക്തമാക്കി.

തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യമിട്ടാണ് സംഘടനയെന്നും പുത്തൻ സിനിമ സംസ്കാരം രൂപീകരിക്കുമെന്നുമാണ് വാഗ്ദാനം. തൊഴിലാളികളുടെ അവകാശം സംരക്ഷിക്കും. സമത്വം, സഹകരണം, സാമൂഹിക നീതി മൂല്യങ്ങളെ വേര് ഊന്നി പ്രവർത്തിക്കും, പിന്നണി പ്രവർത്തകർ എന്ന നിലയിൽ മുന്നോട്ട് ഇറങ്ങണമെന്നും കത്തിലുണ്ട്. അടുത്തിടെ ഫെഫ്കയിൽ നിന്ന് രാജി വച്ച ആഷിക് അബു അടക്കമാണ് പുതിയ സംഘടനയ്ക്ക് നേതൃത്വം വഹിക്കുന്നത്.

അതേസമയം മലയാള സിനിമാ സാങ്കേതിക വിദഗ്ധരുടെ കൂട്ടായ്മയായ ഫെഫ്കയിൽ നിന്നും സംവിധായകൻ ആഷിക് അബു നേരത്തെ രാജിവെച്ചിരുന്നു. നേതൃത്വത്തെ രൂക്ഷ ഭാഷയിൽ വിമർശിച്ചാണ് ആഷിക് അബുവിന്റെ പടിയിറക്കം. ഹേമാ കമ്മിറ്റി റിപ്പോർട്ടിലടക്കം നിലപാടിന്റെ കാര്യത്തിൽ തികഞ്ഞ കാപട്യം പുലർത്തുന്ന നേതൃത്വത്തോട് അതിശക്തമായി വിയോജിച്ചുകൊണ്ടും പ്രതിഷേധിച്ചുകൊണ്ടും ഫെഫ്ക പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെക്കുന്നുവെന്ന് ആഷിഖ് അബു വാർത്താക്കുറിപ്പിൽ അറിയിച്ചു.ഫെഫ്ക നേതൃത്വത്തിനെതിനെതിരെ ഗുരുതര പരാതി ഉന്നയിച്ചാണ് ആഷിക് അബുവിന്റെ പടിയിറക്കം. തന്റെ പ്രതിഫലത്തിൽ നിന്ന് നേതൃത്വം കമ്മീഷൻ ആവശ്യപ്പെട്ടുവെന്ന് ആഷിക് ആരോപിച്ചു. 20 ശതമാനം കമ്മീഷനു വേണ്ടി സിബി മലയിലും വാശി പിടിച്ചു. താനും സിബി മലയിലും തമ്മിൽ വാക് തർക്കം ഉണ്ടായി. നിർബന്ധ പൂർവ്വം വാങ്ങിയ തുക ഒടുവിൽ തിരികെ തന്നുവെന്നും ആഷിക് അബു വ്യക്തമാക്കി.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp