അർജുനായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും; ഡ്രഡ്ജർ ഇന്ന് ഷിരൂരിലെത്തിക്കും

കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും. ഗോവ തുറമുഖത്ത് നിന്ന് ഇന്നലെ കാർവാറിൽ എത്തിച്ച ഡ്രഡ്ജർ ഇന്ന് വൈകിട്ടോടെ ഷിരൂരിലെത്തിക്കും. പുഴയിലെ വേലിയിറക്ക സമയം കണക്കാക്കി, യാത്രാമധ്യേയുള്ള രണ്ട് പാലങ്ങൾ കടക്കാനാണ് ശ്രമം.

ഗംഗാവലി പുഴയിലെ അടിയൊഴുക്ക് മൂന്ന് നോട്സിൽ താഴെയെന്നാണ് നാവികസേനയുടെ പരിശോധനയിൽ കണ്ടെത്തിയത്. ഷിരൂരിലെ നിലവിലെ കാലാവസ്ഥയും തിരച്ചിലിന് അനുയോജ്യമാണ്. പുഴയിൽ നാവികസേന അടയാളപ്പെടുത്തിയ ഇടത്തെ മണ്ണും കല്ലുകളുമാണ് ഡ്രഡ്ജർ ഉപയോഗിച്ച് ആദ്യം നീക്കം ചെയ്യുക.

ജൂലൈ പതിനാറിനാണ് ഷിരൂരിൽ മണ്ണിടിച്ചിലിൽ 11 പേരെ കാണാതായത്. 8 പേരുടെ മൃതദേഹം ലഭിച്ചു. മലയാളിയായ അർജുനെ കൂടാതെ ഷിരൂർ സ്വദേശി ജഗന്നാഥ്, ഗംഗേകൊല്ല സ്വദേശി ലോകേഷ് എന്നിവരെയും കണ്ടെത്താനുണ്ട്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp