പേരാമ്പ്രയിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; 200 ഓളം പേർക്ക് രോഗം സ്ഥിരീകരിച്ചു, ഭൂരിഭാഗവും വിദ്യാർത്ഥികൾ

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നു. പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിൽ 200 ഓളം പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരിൽ ഭൂരിഭാഗം പേരും വിദ്യാർത്ഥികളാണ്. പാലേരി വടക്കുമ്പാട് എച്ച് എസ് എസിലെ വിദ്യാർത്ഥികളിലാണ് രോഗം വ്യാപിക്കുന്നത്. സ്കൂളിലെ കിണറ്റിലും കുടിവെള്ളത്തിലും രോഗാണു സാന്നിധ്യമില്ലെന്ന് അധികൃതർ അറിയിച്ചു. ജല പരിശോധനയിൽ ബാക്ടീയ സാന്നിധ്യം ഇല്ല. രോഗ കാരണ സ്രോതസ് വ്യക്തമായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

മലിനമായ വെള്ളത്തിലൂടെ പടരുന്ന വൈറൽ ഹെപ്പറ്റൈറ്റിസ് ആണ് മഞ്ഞപ്പിത്തത്തിന്‍റെ പ്രധാന കാരണം. ടൈഫോയ്ഡ്, മലേറിയ തുടങ്ങിയ അണുബാധകളും മഞ്ഞപ്പിത്തത്തിന് കാരണമാകും. കഴിഞ്ഞ ദിവസം കോഴിക്കോട് കുറ്റ്യാടിയില്‍ മഞ്ഞപ്പിത്തം ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചിരുന്നു. കുറ്റ്യാടി കടേക്കച്ചാല്‍ സ്വദേശിനി നുഹാ ഫാത്തിമ (14) ആണ് മരിച്ചത്. കുറ്റ്യാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. 

മഞ്ഞപ്പിത്ത ലക്ഷണങ്ങൾ 

  • ചര്‍മത്തിനും കണ്ണുകള്‍ക്കും മഞ്ഞനിറം
  • ഇരുണ്ട നിറമുള്ള മൂത്രം
  • ഇളം അല്ലെങ്കിൽ കളിമൺ നിറമുള്ള മലം
  • ഛർദ്ദിയും ഓക്കാനവും
  • വിശപ്പില്ലായ്മ
  • വയറുവേദന
  • ഭാരം കുറയുക
  • പേശികളില്‍ വേദന
  • കടുത്ത പനി
  • ചൊറിച്ചിൽ 

­

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp