പൊന്നമ്മയെ കാണാൻ മോഹന്‍ലാലും മമ്മൂട്ടിയുമെത്തി; അന്ത്യാഞ്ജലി അര്‍പ്പിച്ച് കലാലോകം

കൊച്ചി: മലയാള സിനിമയുടെ അമ്മ മുഖം കവിയൂര്‍ പൊന്നമ്മയ്ക്ക് വിടവനല്‍കാനൊരുങ്ങി കലാലോകം. കവിയൂര്‍ പൊന്നമ്മയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ മലയാള സിനിമയില്‍ നിന്ന് നിരവധി പേരാണ് പൊതുദര്‍ശനം നടക്കുന്ന കളമശേരി ടൗണ്‍ ഹാളിലേയ്ക്ക് ഒഴുകിയെത്തുന്നത്. സിനിമയില്‍ കവിയൂര്‍ പൊന്നമ്മയുടെ അമ്മ വാത്സല്യം ഏറെ അനുഭവിച്ച നടന്‍ മോഹന്‍ലാല്‍, മമ്മൂട്ടി, സിദ്ദിഖ്, കുഞ്ചന്‍, മനോജ് കെ ജയന്‍, രവീന്ദ്രന്‍ സംവിധായകന്മാരായ രഞ്ജി പണിക്കര്‍, ബി ഉണ്ണികൃഷ്ണന്‍ തുടങ്ങി നിരവധി പേർ ഒരുനോക്ക് കാണാൻ എത്തി. വൈകീട്ട് ആലുവയിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം.

ഇന്നലെയായിരുന്നു കവിയൂര്‍ പൊന്നമ്മയുടെ അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കൊച്ചി ലിസി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മലയാള സിനിമയിലെ അമ്മ മുഖമായി വിശേഷിപ്പിക്കപ്പെട്ട നടിയായിരുന്നു കവിയൂര്‍ പൊന്നമ്മ. നാടകത്തില്‍ നിന്നായിരുന്നു സിനിമാ ലോകത്തേയ്ക്ക് എത്തിയത്. തോപ്പില്‍ ഭാസിയുടെ പ്രശസ്തമായ ‘മൂലധന’മായിരുന്നു ആദ്യകാലങ്ങളില്‍ പൊന്നമ്മ ഭാഗമായ പ്രധാന നാടകങ്ങളില്‍ ഒന്ന്. കുടുംബിനി എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങി മുന്‍നിര നായകന്മാരുടെയെല്ലാം അമ്മയായി കവിയൂര്‍ പൊന്നമ്മ തിളിങ്ങി. 2021 ല്‍ പുറത്തിറങ്ങിയ ആണും പെണ്ണുമാണ് കവിയൂര്‍ പൊന്നമ്മയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp