ഷാരോൺ കൊലക്കേസ് അന്വേഷണം ഇനി തമിഴ്നാട് പോലീസോ? നിയമോപദേശം തേടാൻ ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: പാറശാല ഷാരോൺ രാജ് കൊലപാതക കേസ് തമിഴ്നാട് പോലീസിന് കൈമാറണമോയെന്ന കാര്യത്തിൽ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം നിയമോപദേശം തേടും. ഷാരോണിന്‍റെ കാമുകിയായിരുന്ന ഗ്രീഷ്മയുടെ വീട് കന്യാകുമാരിയിലെ രാമവര്‍മന്‍ചിറയിലാണ്. ഈ വീട്ടിലാണ് കൃത്യം നടന്നത്. തമിഴ്നാട് പോലീസിന്‍റെ പളുഗൽ സ്റ്റേഷൻ പരിധിയിലാണ് ഈ പ്രദേശം അതുകൊണ്ടാണ് കേസ് അന്വേഷണം കൈമാറണമോയെന്ന കാര്യത്തിൽ നിയമോപദേശം തേടുന്നത്. മലയാള മനോരമ ഓൺലൈനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

രാമവർമൻചിറയിലെ ഗ്രീഷ്മയുടെ വീട്ടിൽവെച്ചാണ് ഷാരോണിന് കഷായത്തിൽ കലർത്തി കീടനാശിനി നൽകിയത്. തുടർന്ന് ശാരീരിക അസ്വസ്ഥതകളനുഭവപ്പെട്ട യുവാവ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുമ്പോഴാണ് മരണപ്പെടുന്നത്. ഗ്രീഷ്മയുടെ വീട്ടിൽ വച്ചാണ് വിഷം നൽകിയത് എന്നതിനാലാണ് അവിടുത്തെ പോലീസിന് കേസ് കൈമാറണമോയെന്നതിൽ നിയമോപദേശം തേടുന്നത്.

കൃത്യം നടന്ന സ്ഥലത്തിന്‍റെ പരിധിയിലുള്ള പോലീസ് സ്റ്റേഷന് കേസ് കൈമാറുന്നതാണ് നിലവിലുള്ള രീതി. ഇത് കണക്കിലെടുത്താണ് ക്രൈംബ്രാഞ്ചിന്‍റെ ഈ നീക്കം. അതേസമയം കേസ് അന്വേഷണവും തെളിവെടുപ്പും അന്വേഷണസംഘം തുടരുകയാണ്. കേസ് കൈമാറണമെന്ന നിയമോപദേശം ആണ് ലഭിക്കുന്നതെങ്കിൽ തമിഴ്നാട് പോലീസുമായി കൂടിയാലോചിച്ച് അഭിപ്രായ തേടിയ ശേഷം അന്വേഷണ വിവരങ്ങൾ കൈമാറുകയാകും ചെയ്യുക.

കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോട് കൂടി ഷാരോണിനെ വീട്ടിൽ നിന്ന് വിളിച്ചുവരുത്തിയാണ് ഗ്രീഷ്മ കീടനാശിനി കലർത്തിയ കഷായം കൊടുത്തത്. ഇത് പരിഗണിച്ച് കേരള പോലീസിന് തന്നെ കേസ് അന്വേഷിക്കാൻ കഴിയുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

അതേസമയം പ്രതി ഗ്രീഷ്മയുടെ വീട്ടിൽ ഇന്നലെ അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയിരുന്നു. യുവതിയുടെ അമ്മയേയും അമ്മാവനെയും സ്ഥലത്ത് എത്തിച്ചായിരുന്നു പരിശോധന. ഗ്രീഷ്മയുടെ വീട്ടില്‍ നിന്ന് ലഭിച്ച കീടനാശിനിയുടെ ലേബല്‍ ക്യാപിക്യൂവിന്‍റേതല്ലെന്ന് പോലീസ് കണ്ടെത്തി. മറ്റൊരു കീടനാശിനിയുടെ ലേബലാണ് കണ്ടെത്തിയത്. കഷായത്തില്‍ മറ്റ് കീടനാശിനികള്‍ ഉപയോഗിച്ചോയെന്ന് പരിശോധിക്കുമെന്നു പോലീസ് അറിയിച്ചു.

ഗ്രീഷ്മയുടെ വീട് നിലവിൽ പോലീസ് സീല്‍ ചെയ്തിരിക്കുകയാണ്. ഷാരോണ്‍ വധക്കേസില്‍ കഴിഞ്ഞ ദിവസമാണ് ഗ്രീഷ്മയുടെ അമ്മയേയും അമ്മാവനെയും പോലീസ് കസ്റ്റഡിയിലെടുത്തത്. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഗ്രീഷ്മയുടെ അച്ഛന് കൊലപാതകം സംബന്ധിച്ച് ഒന്നും അറിയില്ലായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp