‘അമ്മ’ അഡ്‌ഹോക് കമ്മിറ്റിയില്‍ ജഗദീഷിന് അതൃപ്തി? വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് ലെഫ്റ്റായി

താരസംഘടന അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് നടന്‍ ജഗദീഷ് ഒഴിവായി. താത്ക്കാലിക കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളിലെ അതൃപ്തി അറിയിക്കാനാണ് ജഗദീഷ് ഗ്രൂപ്പില്‍ നിന്ന് ലെഫ്റ്റടിച്ചതെന്നാണ് വാര്‍ത്തകള്‍ പരന്നത്. എന്നാല്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് പഴയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടേത് ആയതിനാലാണ് താന്‍ ഗ്രൂപ്പില്‍ നിന്നിറങ്ങിയതെന്നും ജഗദീഷ് പറഞ്ഞു. അഡ്‌ഹോക് കമ്മിറ്റിയുടെ പുതിയ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുമെന്ന് തന്നോട് പറഞ്ഞിട്ടുണ്ടെന്നും ജഗദീഷ് അറിയിച്ചു. അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ട ശേഷം അഡ്‌ഹോക് കമ്മിറ്റിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് വഴിയായിരുന്നു സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്നത്. അമ്മയുടെ ജനറല്‍ ബോഡി മീറ്റിംഗ് വിളിക്കാത്തതില്‍ ഉള്‍പ്പെടെയുള്ള അതൃപ്തി പരസ്യമാക്കിയാണ് ജഗദീഷ് ലെഫ്റ്റായതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം അമ്മയിലെ തിരുത്തല്‍ശക്തിയായി ഉറച്ച നിലപാടുകളുമായി രംഗത്തെത്തിയ ജഗദീഷ് സംഘടനയുടെ തലപ്പത്തേക്ക് വരണമെന്ന് നിരവധി പേര്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജഗദീഷ് ഗ്രൂപ്പില്‍ നിന്ന് ലെഫ്റ്റായ സംഭവം സജീവ ചര്‍ച്ചയായിരിക്കുന്നത്.തെരഞ്ഞെടുപ്പ് നടക്കാത്തതിലും ജനറല്‍ ബോഡി മീറ്റിംഗ് വിളിക്കുന്നത് അനന്തമായി നീളുന്നതിലും ജഗദീഷ് ഇതേ ഗ്രൂപ്പില്‍ തന്നെ മുന്‍പ് വിയോജിപ്പറിയിച്ചിട്ടുണ്ടെന്നാണ് സൂചന. അമ്മയ്ക്ക് അതിവേഗം വീണ്ടും ജീവന്‍ നല്‍കണമെന്ന് പല പ്രാവശ്യം ഗ്രൂപ്പില്‍ ജഗദീഷ് ആവശ്യപ്പെട്ടിട്ടും അതിന് അനുകൂലമായ മറുപടിയൊന്നും ലഭിച്ചിരുന്നില്ലെന്നും വിവരമുണ്ട്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp