‘ക്രൈസ്തവ സമൂഹത്തിന്റെ വിശ്വാസങ്ങളെ വികലമാക്കുന്നു’; ബോഗയ്ന്‍വില്ല സിനിമയിലെ ഗാനത്തിനെതിരെ പരാതിയുമായി സീറോ മലബാര്‍ സഭ

ബോഗയ്ന്‍വില്ല സിനിമയിലെ ഗാനത്തിനെതിരെ പരാതിയുമായി സീറോ മലബാര്‍ സഭ അല്‍മായ ഫോറം. ഭൂലോകം സൃഷ്ടിച്ച കര്‍ത്താവിന് സ്തുതി എന്ന ഗാനം ക്രൈസ്തവ സമൂഹത്തിന്റെ വിശ്വാസങ്ങളെ വികലമാക്കുന്നതെന്നാണ് ആരോപണം. ഗാനം സെന്‍സര്‍ ചെയ്യണമെന്നും വേണ്ടി വന്നാല്‍ സിനിമ തന്നെ സെന്‍സര്‍ ചെയ്യണമെന്നാണ് ആവശ്യം. കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിന് മെയില്‍ മുഖേനയാണ് സീറോ മലബാര്‍ സഭ അല്‍മായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി പരാതി നല്‍കിയത്. ക്രൈസ്തവ സമൂഹത്തിന്റെ വിശ്വാസങ്ങളെ അവഹേളിക്കുന്ന ഗാനങ്ങള്‍ കടുത്ത നിയമങ്ങള്‍ ഉപയോഗിച്ച് തടയണമെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.‘സ്തുതി’ എന്ന പേരിലാണ് ഗാനരംഗം പുറത്തിറക്കിയിരിക്കുന്നത്. ജ്യോതിര്‍മയിയും കുഞ്ചാക്കോ ബോബനും ഒപ്പം സുഷിന്‍ ശ്യാമും ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. സുഷിന്‍ ശ്യാം തന്നെയാണ് വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത്. അമല്‍നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ക്യാരക്ടര്‍ പോസ്റ്ററുകളും നേരത്തെ പുറത്തുവിട്ടിരുന്നു. ഏറെനാളുകള്‍ക്ക് ശേഷം ജ്യോതിര്‍മയി സ്‌ക്രീനില്‍ എത്തുന്നുവെന്നുള്ള പ്രത്യേകതയും ചിത്രത്തിനുണ്ട്. കൂടാതെ കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ബോഗയ്ന്‍വില്ലയിലൂടെ വീണ്ടും ഒന്നിക്കുകയാണ്. ടേക്ക് ഓഫ് ആണ് ചാക്കോച്ചനും ഫഹദും അവസാനമായി ഒന്നിച്ചഭിനയിച്ച ചിത്രം.ഭീഷ്മപര്‍വ്വമായിരുന്നു അമല്‍ നീരദ് സംവിധാനം ചെയ്ത അവസാന ചിത്രം. വരത്തന്‍ എന്ന ചിത്രത്തിന് ശേഷം അമല്‍ നീരദും ഫഹദും ഒന്നിക്കുന്ന ചിത്രമാണിത്. അതേസമയം ആദ്യമായാണ് കുഞ്ചാക്കോ ബോബനും അമല്‍ നീരദും ഒരു സിനിമയില്‍ ഒന്നിക്കുന്നത്. അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെയും ഉദയ പിക്‌ചേഴ്‌സിന്റെയും ബാനറില്‍ ജ്യോതിര്‍മയിയും കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അമല്‍ നീരദിനൊപ്പം ലജോ ജോസും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp