വനം മന്ത്രി സ്ഥാനത്ത് നിന്നൊഴിയാൻ സന്നദ്ധത അറിയിച്ച് എ കെ ശശീന്ദ്രൻ. തോമസ് കെ തോമസിന് അവസരം നൽകണമെന്ന് എൻസിപി പാർട്ടി അധ്യക്ഷൻ ശരത് പവാർ ആവശ്യപ്പെട്ടു. രാജിവെക്കില്ലെന്നും സ്ഥാനമൊഴിയില്ലെന്നും ഒരു സ്ഥലത്തും താൻ പറഞ്ഞിട്ടില്ല, പ്രവർത്തകർക്കിടയിൽ ആശയ കുഴപ്പമുണ്ടാക്കാൻ കാരണം വേണ്ടത്ര കൂടിയാലോചനകൾ ഇല്ലാത്തതാണെന്നും ദേശീയ നേതൃത്വമാണ് ഇക്കാര്യം അറിയിക്കേണ്ടതെന്നും മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി. സംസ്ഥാന നേതൃത്വവുമായി ഒരുതരത്തിലുള്ള അഭിപ്രായഭിന്നതയുമില്ല,പാർട്ടിക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം ഉണ്ടാകണമെന്നാണ് ആഗ്രഹമെന്നും ശശീന്ദ്രൻ പറഞ്ഞു.അതേസമയം, മന്ത്രി സ്ഥാനം പിടിവലിയിലായ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം ദേശീയ അധ്യക്ഷൻ മുംബൈയിൽ നേതാക്കളുടെ യോഗം വിളിച്ചത്. യോഗത്തിൽ എൻസിപിയുടെ പുതിയ മന്ത്രിയായി തോമസ് കെ തോമസിനെ ഉറപ്പിക്കുകയും ചെയ്തിരുന്നു. മന്ത്രി മാറ്റമെന്ന നിലപാടിൽ പി സി ചാക്കോയും തോമസ് കെ തോമസും ഉറച്ച് നിന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. എന്നാൽ ഇക്കാര്യത്തിൽ കടുത്ത നിലപാടായിരുന്നു എ കെ ശശീന്ദ്രൻ സ്വീകരിച്ചിരുന്നത്.